കൊച്ചി: മഴക്കാല കെടുതികള്‍ നേരിടാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ അറിയിച്ചു. നിലവില്‍ മൂവാറ്റുപുഴയില്‍ മരംവീണ് ഒരു വീട് ഭാഗികമായി തകര്‍ന്നത് അല്ലാതെ മറ്റ് നഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലും ഉള്ളവര്‍ക്ക് കലക്ടര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂവാറ്റുപുഴ ആറില്‍ രണ്ടടിയോളം വെള്ളം മാത്രമേ പൊങ്ങിയിട്ടുള്ളൂ. കഠിനമായ മഴയില്ലാത്തത് കാരണം വെള്ളം ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് മൂവാറ്റുപുഴ താലൂക്കില്‍ നിന്നും അറിയിച്ചു. എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ കോതമംഗലത്ത് മണികണ്ഠന് ചാല് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതോടെ മണികണ്ഠന് ചാല്, ഉറിയംപെട്ടി, വെള്ളാരം കുത്ത് മേഖലകള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിലും പാലം വെള്ളത്തിനടിയില്‍ ആയിരുന്നു. മഴ കുറഞ്ഞാല്‍ മാത്രമേ വെള്ളം ഇറങ്ങുകയുള്ളു. താല്‍ക്കാലിക ആവശ്യത്തിന് കടത്തു സര്‍വീസുണ്ട്. നല്ല മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇത് സുരക്ഷിതമായ മാര്‍ഗവും അല്ല.
മറ്റു മറ്റ് കെടുതികള്‍ ഒന്നും ഇതുവരെ ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കുന്നത്തുനാട് താലൂക്ക് പരിധിയില്‍ വരുന്ന 52 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. താലൂക്കിനു കീഴില്‍ കൃഷിനാശം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാവിധ മുന്‍കരുതലുകളും താലൂക്ക് തലത്തില്‍ സംവീകരിച്ചിട്ടുണ്ട്.
ജൂണിലെ മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ച ചെല്ലാനം ഗ്രാമ പഞ്ചായത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി 100 ജിയോ ബാഗുകള്‍ കൂടി സ്ഥാപിച്ചു. ഇതുവഴി പിന്നീടുണ്ടായ കനത്ത മഴയില്‍ നിന്നും പ്രദേശത്തെ സംരക്ഷിക്കാനും സാധിച്ചു. നിലവില്‍ മഴക്കെടുതികള്‍ ഒന്നും പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഴക്കെടുതി നേരിടുന്നതിനായി കണയന്നൂര്‍ താലൂക്കില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു. വെള്ളപ്പൊക്കമുണ്ടായാല്‍ ആ പ്രദേശത്തെ ജനങ്ങളെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്കാവശ്യമായ മരുന്നും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആരോഗ്യ ശുചിത്വവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളി ലേബര്‍ ക്യാമ്പുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
മഴക്കെടുതി നേരിടുന്നതിനായി 24 മണിക്കൂര്‍ കണ്ട്രോള് റൂം കൊച്ചി താലൂക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുവൈപ്പിനില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് ഭാഗികമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്.

