മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി. അരി ഒഴികെയുള്ള 17 സാധനങ്ങളടങ്ങിയ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. അന്ത്യോദയ അന്നയോജന വിഭാഗത്തിനുള്ള(എഎവൈ-മഞ്ഞ കാര്‍ഡ്)കിറ്റുകളാണ് ആദ്യം വിതരണം ചെയ്യുന്നത്. പിന്നീട് മുന്‍ഗണന വിഭാഗത്തിലുള്ള പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും സബ്സിഡി വിഭാഗത്തിലുള്ള നീല കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യും വെള്ളകാര്‍ഡ് ഉടമകള്‍ക്ക് പിന്നീടാണ് വിതരണം നടക്കുന്നത്. താലൂക്കിലെ 159- റേഷന്‍ കടകളിലെയും അന്ത്യോദയ അന്നയോജന വിഭാഗത്തിനുള്ള കിറ്റുകള്‍ വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്. താലൂക്കിലെ സൗജന്യ റേഷന്‍ വിതരണം 90-ശതമാനം പൂര്‍ത്തിയായതായി സപ്ലൈഓഫീസര്‍ ടി.ജി.അനില്‍കുമാര്‍ പറഞ്ഞു. പേഴയ്ക്കാപ്പിള്ളി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും റേഷന്‍ കടകളിലേയ്ക്കുള്ള കിറ്റുകളുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ തൃക്കളത്തൂര്‍ 41-ാം നമ്പര്‍ റേഷന്‍ കടയുടമ ഗോപി പുഞ്ചക്കാലായിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, വി.എച്ച്.ഷഫീഖ്, വി.എം.നവാസ് എന്നിവര്‍ സംമ്പന്ധിച്ചു.

