മൂവാറ്റുപുഴ: അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജീവനക്കാരെയും ചേര്‍ത്ത് പിടിച് ഡോ മാത്യു കുഴല്നാടന് എം എല്‍ എ നടത്തുന്ന അങ്കണം പരിപാടി ശ്രദ്ധേയമാകുന്നു. പോയ വര്‍ഷം ആശാവര്‍ക്കര്‍മാരെ ഏറ്റെടുത്ത് അവരുടെ പ്രവര്‍ത്തനങ്ങളെ ആദരിച്ചും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടും, അവരുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് വീട് വെച്ച് കൊടുത്തുമായിരുന്നു എം എല്‍ എ അവര്‍ക്കൊപ്പം നിന്നത്. തന്റെ രണ്ടാം വര്‍ഷത്തില്‍ അംഗന്‍വാടി ജീവനക്കാരെ കൂടി ചേര്‍ത്ത് നിര്‍ത്തുകയാണ് എംഎല്‍എ.
മണ്ഡലത്തിലെ ഓരോ പഞ്ചായത്ത് തിരിച്ചും അംഗന്‍വാടി ജീവനക്കാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്താണ് എംഎല്‍എ ഇവരുടെ ക്ഷേമങ്ങള്‍ അന്വേഷിക്കുന്നത്.
ടീച്ചര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ജീവിത പ്രശ്നങ്ങള്‍ കേട്ടറിയുകയും തൊഴിലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും അതിന് സാധ്യമായ പരിഹാരങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നതുമായാണ് ഓരോ ഇടങ്ങളില്‍ നിന്നും കാണുന്നത്.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം അങ്കണവാടികളുടെ വികസനത്തിനുള്ള ചര്‍ച്ചകളും യോഗങ്ങളില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണവും അവരുടെ യാത്ര സൗകര്യങ്ങളും അവിടേക്ക് വേണ്ട കാര്യങ്ങളും ഓരോ യോഗങ്ങളിലും ചര്‍ച്ചയാവുന്നു. പ്രശ്നപരിഹാരങ്ങള്‍ ഒരുക്കിയുള്ള അങ്കണം പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിദ്യാഭ്യാസ ആരോഗ്യ അവസ്ഥകള്‍ ചോദിച്ചറിഞ്ഞ് അവക്കായി പരിഹാരങള് കണ്ടെത്തിയാണ് യോഗങ്ങള്‍ നടക്കുന്നത്. ഒരോ ഇടത്തും മൂന്നിന് തുടങ്ങുന്ന ചര്‍ച്ചകള്‍ 5.30നാണ് തീരുക. ജീവനക്കാര്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശം നല്‍കിയാണ് ഓരോ അങ്കണങ്ങളും ചേരുന്നത്. ജീവനക്കാരെ എം എല്‍ എ പൊന്നാട നല്കി ആദരിച്ചു കൊണ്ടാണ് ഒരോ യോഗങ്ങളും നടക്കുന്നത്. പായിപ്ര, പോത്താനിക്കാട് വാളകം, പാലക്കുഴ പഞ്ചായത്തുകളില്‍ മാത്രമാണ് ഇനി യോഗം നടക്കാനുള്ളത്.