വരാപ്പുഴയിൽ വീട് അക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് (26) ആശുപത്രിയിൽ മരിച്ചു.
ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീജിത്ത് തന്റെ ശാരീരിക വിഷമം കോടതിയോട് തുറന്ന് പറയുകയും ചികിത്സവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഇവിടെ നിന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും മൂത്രം ഒഴിക്കുന്നതിന് പ്രയാസവും ശ്രീജിത്തിന് ഉണ്ടായിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ചൊവ്വാഴ്ച വരാപ്പുഴ പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.
ഇന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയിരുന്നു. കസ്റ്റഡിയിൽ ശ്രീജിത്തിനെ മർദിച്ചതായി ബന്ധുക്കളും ആരോപിച്ചു. അതിനു പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്. മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്നു ആലുവ റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു. മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിന്റെ ദൃശ്യങ്ങൾ വിഡിയോ എടുത്തു സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
പോലിസ് പറയുന്നത് :-
സമയം മരണത്തിന് ഇടയാക്കിയത് പൊലീസ് മർദനമാവാൻ ഇടയില്ലെന്നാണ് പൊലീസിന്റെ ഭാഗം. നാട്ടുകാരുമായുള്ള സംഘർഷത്തിൽ മർദനമേറ്റതായി ശ്രീജിത് തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞിരുന്നെന്നും കോടതിയിൽ കൊണ്ടു പോകുന്നതിനു മുമ്പ് വയറ്റിൽ വേദനയുണ്ടെന്നു പറഞ്ഞപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു.
ഗൃഹനാഥന്റെ മരണത്തെ തുടർന്ന് ശ്രീജിത് ഉൾപ്പെടെ പത്തു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ഒരുമിച്ചാണ് കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നത്. പിറ്റേന്ന് കോടതിയിൽ കൊണ്ടു പോകുന്നതിന് മുമ്പ് വയറ്റിൽ വേദനയുള്ളതായി പറഞ്ഞപ്പോൾ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും എസ്പി പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാളെ രാവിലെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ഗൃഹനാഥന്റെ മരണത്തിലും ശ്രീജിത്തിന്റെ മരണത്തിലും സമഗ്ര അന്വേഷണം വേണമെന്നു ലോക്കപ്പ് മരണങ്ങൾ തുടർക്കഥയാവുന്നത് കേരളത്തിന് നാണക്കേടായി മാറിയെന്നും ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു


