കൊച്ചി: ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര് മര്‍ദ്ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ആനക്കോട്ടയില്‍ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോര്‍ഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.
ദൃശ്യം പരിശോധിച്ച കോടതി ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് നിര്‍ദേശം നല്കി.
പാപ്പാന്മാര്ക്ക് എതിരെ വനം വകുപ്പ് രണ്ട് കേസും പോലീസ് ഒരു കേസും റജിസ്റ്റര്‍ ചെയ്തതായി ബന്ധപ്പെട്ട അഭിഭാഷകര്‍ അറിയിച്ചു. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നടപടി.
നടപടിയെടുത്തതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് ദേവസ്വം അഭിഭാഷകന് കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതുകൊണ്ടല്ലേ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് ചോദിച്ചു.
ആനക്കോട്ടയില്‍ അടിയന്തരമായി പരിശോധന നടത്താന്‍ എറണാകുളം ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയ്ക്ക് കോടതി നിര്‍ദേശം നല്കി. ആനകളെ നിയന്ത്രിക്കാന്‍ ലോഹത്തോട്ടി ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശം നല്കി.
ആനകളുടെ സംരക്ഷണം സംബന്ധിച്ച് എല്ലാ വിധ ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആനക്കോട്ടയില്‍ സിസിടിവി സ്ഥാപിക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു.


