മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
മുളവൂർ നിരപ്പ് ഒഴുപാറ ചാലിൽ അലിയുടെ ഭാര്യ സെറീന (43) ആണ് കുത്തേറ്റത്. സംഭവശേഷം ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം വ്യാപകമാക്കി.
ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. നഗരസഭ 11-ാം വാർഡിൽ പ്ലൈവുഡ് കമ്പനിയിൽ ജോലിയിലായിരുന്നു സെറീന.
കമ്പനിയുടെ പിന്നിലെ ഗേറ്റിലൂടെ അകത്തുകടന്ന അലി പിന്നിൽനിന്നു കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിലവിളി കേട്ട് മറ്റു ജോലിക്കാർ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി
പരിക്കേറ്റ സെറീനയെ ആദ്യം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
കുടുംബ വഴക്കിനെ തുടർന്ന് കുറച്ചുനാളായി രണ്ടാർ കരയിൽ രണ്ടുമക്കളോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. നേരത്തെയും ഇവരെ ഉപദ്രവിച്ചതിനു കേസുണ്ട്. വധഭീഷണി ഉണ്ടെന്ന് കാണിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. പലതവണ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് എത്തി ഭീഷണി പെടുത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ അലിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ തുടങ്ങി.


