കൊച്ചി: മുനമ്ബത്ത് മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി കടലില്‍ കാണാതായ നാലു മത്സ്യത്തൊഴിലാളികളില്‍ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.മാലിപ്പുറം സ്വദേശി പടിഞ്ഞാറേപുരക്കല്‍ ഷാജിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്ബില്‍ ശരത്, മാലിപ്പുറം സ്വദേശി ചേപ്പളത്ത് മോഹനന് (55) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസിനായി 56) തിരച്ചില്‍ തുടരുകയാണ്. നാവിക, തീരസംരക്ഷണ സേനകള്‍, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5നു നടന്ന അപകടത്തിന്റെ വിവരം രാത്രി ഒന്‍പതോടെയാണു പുറത്തറിഞ്ഞത്. വള്ളത്തില്‍നിന്ന് മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തുനിന്നു പോയ ‘നന്മ’ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ഏഴ് പേര് ഉണ്ടായിരുന്നു. 3 പേര് നീന്തി രക്ഷപ്പെട്ടു.രാത്രി 8 മണിയോടെ അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണു അപകടത്തില്‍പ്പെട്ട 3 പേരെ രക്ഷപ്പെടുത്തിയത്.


