മൂവാറ്റുപുഴ: ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം പത്തിന് മൂവാറ്റുപുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ പത്തിനു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംഘടനയുടെ മൂവാറ്റുപുഴ മേഖല സെക്രട്ടറി എം.കെ.മധു അധ്യക്ഷത വഹിക്കും.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.ടി.ജോണി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി.ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പ്രസിഡന്റ് കെ.ജി.സത്യന് സംഘടനാറിപ്പോര്‍ട്ടും സെക്രട്ടറി ഷിഹാബ് കടവൂര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിക്കും.സംസ്ഥാന ട്രഷറര്‍ എം.കെ.കോയക്കൂട്ടി,കോതമംഗലം താലൂക്ക് പ്രസിഡന്റ് ടോമി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.മോഹനന് സ്വാഗതവും ട്രഷറര്‍ മിഘോഷ് മാത്യു നന്ദിയും പറയും.
വൈകുന്നേരം നാലിന് കെഎസ്ആര്‍ടിസി പരിസരത്തു നിന്നു പ്രകടനം ആരംഭിക്കും.തുടര്‍ന്നു ടൗണ്‍ഹാല്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ.ജി.സത്യന് അധ്യക്ഷത വഹിക്കും.എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് വക്കച്ചന് പുല്ലാട്ട് അംഗത്വവിതരണവും വര്‍ക്കിംഗ് പ്രസിഡന്റ് വി.ടി.ജോണി ചികിത്സാസഹായ വിതരണവും നടത്തും. സെക്രട്ടറി സി.എസ്.നാസര്‍ മുഖ്യപ്രഭാഷണം നടത്തും.സംഘടന നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
നികുതിയില്ലാതിരുന്ന റബര്തടിക്കും പാഴ്മരങ്ങള്ക്കും 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് സാധാരണക്കാരായ കച്ചവടക്കാര്‍ തൊഴില്‍ ചെയ്തിരുന്ന മേഖല തകര്‍ച്ച നേരിടുന്നതിനു കാരണമായി. നിരവധിപ്പേര്‍ക്ക് ദിവസവും തൊഴില്‍ നല്കുന്ന തടിവ്യാപാരികള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തയാറാകാത്ത സ്ഥിതിയാണ്. തടിലോഡുമായി പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വന്‍ പിഴ ഈടാക്കുന്ന മോട്ടോര്‍വാഹന വകുപ്പിന്റെയും പോലീസിന്റെയും നടപടി പ്രതിഷേധാര്‍ഹമാണ്.ജിഎസ്ടിയും നോട്ടുനിരോധനവും മൂലം വന്‍പ്രതിസന്ധിയാണ് തടിവ്യാപാരികള്‍ നേരിടുന്നത്.തടിഉടമയും വ്യാപാരിയും തമ്മിലുണ്ടായിരുന്ന വിശ്വാസം നഷ്ടപെടുന്നതിന് ഇതു കാരണമായിട്ടുണ്ട്.ഉടമയ്ക്ക് കൃത്യസമയത്ത് പണം നല്കാന് കഴിയാത്ത സാഹചര്യമാണ് നിലവില്‍.ഇതു വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇതിനു പുറമെ തൊഴിലാളികള്‍ എല്ലാ വര്‍ഷവം പത്തുശതമാനത്തോളം കൂലിയില്‍ വര്‍ധന വരുത്തുന്നു. മറ്റു ചെലവുകളും ആനുപാതികമായി വര്‍ധിക്കുമ്പോള്‍ തടിയുടെ വിലയില്‍ നാലഞ്ചുവര്‍ഷമായി കാര്യമായ വര്‍ധനയുണ്ടാകുന്നില്ല. ഇതും കടുത്ത പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിരവധിപ്പേര്‍ ഈ മേഖലയില്‍ നിന്നു പിന്‍വാങ്ങേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.ജി.സത്യന്, സെക്രട്ടറി,ഷിഹാബ് കടവൂര്‍, മധു വാഴക്കുളം, നിഘോഷ് മാത്യു, എ.കെ.മോഹനന് മഞ്ഞപ്ര, പി.കെ.വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.


