കൊച്ചി : വ്യത്യസ്തങ്ങളാ ഴ്യ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണന മേളയുമൊരുക്കി കൈരളി ക്രാഫ്റ്റ്സ് ബസാര്‍. കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലും കേന്ദ്ര ഗവണ്മെന്റിന്റെ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെന്റ് കമ്മീഷണര്‍ ഹാന്‍ഡിക്രാഫ്റ്റ്സിന്റെ സഹകരണത്തോടും കൂടെ മറൈന്‍ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിനു പുറമെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. 126 സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 30 സ്റ്റാളുകള്‍ കേരളത്തിലെ കരകൗശല കൈത്തറി മേഖലയുടേതാണ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. ഇന്നലെ (5/10/2018) ആരംഭിച്ച മേള ഈ മാസം 19 ന് അവസാനിക്കും.
അടിമാലി സ്വദേശിയായ പി.ഡി. ടോമി എന്ന കലാകാരന് 7 വര്‍ഷം കൊണ്ട് നിര്‍മ്മിച്ച അദ്രാ ശില്പം ശ്രദ്ധേയമാണ്. ഗുല്‍മോഹര്‍ തടിയിലാണ് അദ്ര സൃഷ്ടിച്ചിരിക്കുന്നത്. 154 ഇഞ്ച് നീളവും 1400 കിലോ ഭാരം ഉണ്ടായിരുന്ന ഒറ്റത്തടിയിലാണ് ശില്പം തീര്‍ത്തിരിക്കുന്നത്. ഒരു കോടി രൂപയാണ് ഇതിന് മോഹവിലയായി കണക്കാക്കിയിരിക്കുന്നത്. 180 കിലോയാണ് ഇപ്പോഴത്തെ ഭാരം.

കോതമംഗലം സ്വദേശിയായ സുദര്‍ശനന്റെ ആന നിര്‍മ്മാണമാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. 20 ക്യുബിക്ക് വാഗ മരത്തിലാണ് മേളയില്‍ ശില്പം കൊത്തി കൊണ്ടിരിക്കുന്നത്. 12 ദിവസം കൊണ്ട് ശില്പം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് സുദര്ശനന് പറഞ്ഞു. ഒറ്റത്തടിയില്‍ തീര്‍ത്ത ചെറുതും വലുതുമായ ആനകളെയും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഒറ്റത്തടിയില്‍ തീര്‍ത്ത ആനയ്ക്ക് അഞ്ചര ലക്ഷം രൂപയാണ് വില.
ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആറന്മുള കണ്ണാടി ചെമ്പും വെളുത്തീയവും പ്രത്യേക അനുപാത്തത്തില് എടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 3225 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള കണ്ണാടി പ്രദര്‍ശനത്തിനുണ്ട്. കയര്‍ ചവിട്ടി ഉപയോഗിച്ച് നിര്‍മ്മിച്ച കളിയൂഞ്ഞാലും മറ്റൊരു ആകര്‍ഷണ ഘടകമാണ്. 250 രൂപയാണ് വില.
മീനിന്റെ അവശിഷ്ടങ്ങളില്‍നിന്നും വ്യത്യസ്തങ്ങളായ കരകൗശല വസ്തുക്കള്‍ ആണ് കന്യാകുമാരി സ്വദേശി ആര് എസ് ബിനു നിര്‍മ്മിക്കുന്നത്. പക്ഷികള്‍, കീ ചെയിനുകള്‍, പൂക്കള്‍, പെയിന്റിങ്ങുകള്‍, പേന – പെന്‍സില്‍ സ്റ്റാന്‍ഡ്, മറ്റ് കരകൗശല വസ്തുക്കള്‍ എന്നിവയാണ് മീനിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നത്. ഒരു മാസം ഈ അവശിഷ്ടങ്ങളെ കെമിക്കല്‍ ട്രീറ്റ്മെന്റ് നടത്തിയാണ് പലവിധങ്ങളായ വസ്തുക്കള്‍ ആക്കി മാറ്റുന്നത്.
തടിയില്‍ തീര്‍ത്ത മണി, ട്രോഫി, രൂപക്കൂടുകള്‍, കീ ചെയിന്‍, പണ്ട് കാലത്ത് ചമ്മന്തി അരക്കാന്‍ ഉപയോഗിച്ചിരുന്ന കോരിപ്പലക എന്നിവയും തൃശ്ശൂരില്‍ നിന്നുള്ള കലാകാരന്മാരുടെ പക്കല്‍ ലഭ്യമാണ്. വിവിധ മൂര്‍ത്തികളുടെ മരത്തില്‍ കൊത്തിയ ശില്പങ്ങള് ആന്ധ്ര കലാകാരന്മാര് വിപണനത്തിന് എത്തിച്ചിട്ടുണ്ട്. 500 രൂപ മുതല്‍ 25,000 രൂപ വരെയുള്ള മരത്തില്‍ കൊത്തിയ രൂപങ്ങള്‍ ലഭ്യമാണ്.

പാംലീഫില്‍ മഹാഭാരത, രാമായണ , ദശാവതാര കഥകളും , ക്രിസ്തുവിന്റെ ജീവചരിത്രവും വരച്ച ചിത്രങ്ങളും മേളയില്‍ ഉണ്ട്. ഇത്തരത്തില്‍ 850 രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ വില വരുന്ന പാംലീഫുകള് ലഭ്യമാണ്. അതുപോലെ പിച്ചളയിലും ചെമ്പിലും തീര്‍ത്ത ആദിവാസി ഗോത്ര വിഭാഗ ആഭരണങ്ങളും, ആര്‍ട്ട് വര്‍ക്കായ ദോക്റാ ക്രാഫ്റ്റും പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്.
നവഗ്രഹങ്ങള്‍ക്ക് അനുസൃതമായി നവധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന നവധാന്യ ഗണപതി വിഗ്രഹങ്ങളും മേളയിലുണ്ട്. മുതിര, അമര, ഗോതമ്പ്, നെല്ല്, തുവര, ചെറുപയര്‍ ,കടല ,എള്ള്, ഉഴുന്ന് എന്നീ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് വിഗ്രഹങ്ങള്‍ തീര്‍ത്തിരിക്കുന്നത്.
കരകൗശല ഉല്‍പ്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടയിലും കുമ്പിള് തടിയിലും തീര്‍ത്ത വിവിധ തരം ശില്പങ്ങള്, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, അതിപുരാതന കാലം മുതലുള്ള നെട്ടൂര്‍ പെട്ടി, തുടങ്ങി തനതായ കേരളീയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ കരകൗശല മേഖലയിലെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളായ ശാന്തിനികേതന്‍ ബാഗുകള്‍ , ഘോഷയാര് ലൈസ് വര്‍ക്കുകള്‍ , കോല്ഹപുരി ചെരുപ്പുകള്‍, കലംകാരി ഷൂസ്, ഗ്ലാസ്സ് വര്‍ക്ക് ചെയ്ത വിവിധ തുണിത്തരങ്ങള്‍, എംബ്രോയിഡറി വര്‍ക്ക് ചെയ്ത കുഷ്യനുകള്‍, പുല്ല് കൊണ്ട് നിര്‍മ്മിച്ച മാറ്റുകള്‍, കര്‍ട്ടനുകള്‍, കരിങ്കല്‍ ശില്പ്പങ്ങള്, ചിരട്ടയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍ , ഹൈദരാബാദ് സാരികള്‍, ലക്നൗ ചിക്കന്‍ വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, ജൂട്ട്, മണ്‍പാത്രങ്ങള്‍, മുത്ത്, പവിഴം, മരതകം മുതലായവയില്‍ തീര്‍ത്ത ആഭരണങ്ങള്‍, രാജസ്ഥാന് ബെഡ് ഷീറ്റുകള്‍, വിവിധ തരം കത്തികള്‍, പെര്‍ഫ്യൂം, പാള പേപ്പര്‍ പൂക്കള്‍, മെഴുകുതിരി , ലെതര്‍ പേഴ്സുകള്‍, നെറ്റിപ്പട്ടം, കണ്ണൂര്‍ കൈത്തറി, മുള, ഈറ്റ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍ കാണാനും വാങ്ങാനുമുള്ള അവസരം മേളയില്‍ ഒരുക്കിയിട്ടുണ്ട്.

കരകൗശല രംഗത്തിന്റെ സൗന്ദര്യവും ശക്തിയും സംസ്ക്കാരവും മേളയില്‍ കാണാന്‍ സാധിക്കും. കരകൗശല വികസന കോര്പ്പറേഷന് കലാകാരന്മാരുടെ ഉന്നമനത്തിനും നൈപുണ്യവികസനത്തിനുമായി ഡിസൈന്‍ ഡവലപ്മെന്റ് വര്‍ക്ക് ഷോപ്പുകള്‍ നടത്തി വരികയാണ്. 120-ല്‍പ്പരം പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രോട്ടോ ടൈപ്പുകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കരകൗശല മേഖലയുടെ പുത്തനുണര്‍വ്വ് ലക്ഷ്യമിട്ട് പൊതുജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാകാരന്മാര്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ക്രാഫ്റ്റ് ബോധവത്ക്കരണ പരിപാടികള്‍ നടത്തും. കൂടാതെ കരകൗശല തൊഴിലാളികള്‍ക്ക് പതിനായിരം രൂപ വിലവരുന്ന തൊഴിലുപകരണങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ് എന്ന് കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് കെ.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.


