മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും ഐസലേഷന്‍ വാര്‍ഡ് സെറ്റ് ചെയ്യുന്നതനുള്ള പരിശീലനത്തിന്റെ ഭാഗമായി പായിപ്ര യു.പി.സ്കൂളില്‍ ഐസലേഷന്‍ വാര്‍ഡ് സെറ്റിംഗ് പരിശീലനത്തിന് തുടക്കമായി. രാജ്യത്ത് കോവിഡ് 19 സമൂഹ്യ വ്യാപനമുണ്ടായാല്‍ ഗ്രാമപഞ്ചായത്തുകളില്‍ അടിയന്തിര ഐസലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് എന്‍.ആര്.എച്ച്.എംന്റെ നേതൃത്വത്തില്‍ പായിപ്ര സ്കൂളിലും ഐസലേഷന്‍ വാര്‍ഡിന്റെ മോക്ഡ്രില്ല് നടത്തിയത്. രണ്ട് മണിക്കൂര്‍ കൊണ്ട് ഐസലേഷന്‍ വാര്‍ഡ് എങ്ങനെ സെറ്റ്ചെയ്യാം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സ്കൂളില്‍ ഐസലേഷന്‍ വാര്‍ഡ് ഒരുക്കിയത്. കോവിഡ് ബാധിതരെ അഡ്മിറ്റ് ചെയ്യുന്നതിനായി പായിപ്ര സ്കൂളില്‍ ഐസലേഷന്‍ വാര്‍ഡ് ഒരുക്കുന്നു എന്ന പ്രചരണം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളില്‍ ആശങ്കയും അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ ജില്ലയില്‍ തയ്യാറാക്കിയ ഐസലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ കുറവാണ്. നിലവില്‍ കോവിഡ് ബാധിതരെയും നിരീക്ഷിക്കുന്നവരെയും ഉള്‍കൊള്ളാന്‍ മെഡിക്കല്‍ കോളേജുകളില്‍ അടക്കം സജീകരണങ്ങളുണ്ട്. കോവിഡ് സമൂഹ വ്യാപനമുണ്ടായാല്‍ പഞ്ചായത്തുകള്‍ തോറും ഐസലേഷന്‍ വാര്‍ഡുകള്‍ ഒരുക്കേണ്ടതായി വരും ഇത് എങ്ങനെ ഒരുക്കാം എന്നതിന്റെ പരിശിലനത്തിനുള്ള ഐസലേഷന്‍ വാര്‍ഡിന്റെ മോക് ഡ്രില്ലാണ് പായിപ്ര സ്കൂളില്‍ നടന്നത്. സ്കൂളില്‍ ഐസലേഷന്‍ വാര്‍ഡ് പൂര്‍ണ്ണമായതോതില്‍ സജ്ജീകരിച്ചു. ഐസലേഷന്‍ വാര്‍ഡ് സജ്ജീകരണത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.

