കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു തൊഴില്‍ തട്ടിപ്പു നടത്തിയ ആള് അറസ്റ്റില്‍. കടവന്ത്ര ജംക് ഷന് സമീപം കെ.പി.വള്ളോന്‍ റോഡിലെ ഡിഡി വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന എക്സെല്‍ അസോസിയേറ്റ്സ് ഉടമ കമറുദ്ദീന് (58) ആണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നല്‍കാമെന്നു പറഞ്ഞു പത്തോളം പേരില്‍ നിന്ന് മൂന്നു ലക്ഷം രൂപ മുതല്‍ മുതല്‍ അഞ്ചു ലക്ഷം വരെ ഇയാള്‍ വാങ്ങിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും വിദ്യാഭ്യാസ രേഖകളുമുള്‍പ്പെടെ വാങ്ങി വച്ചെങ്കിലും വിസ കിട്ടിയില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സൗത്ത് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരവധി രേഖകളുള്‍പ്പെടെ പിടിച്ചെടുത്തു. തൊഴില്‍ റിക്രൂട്ട്മെന്റ് നടത്താനുള്ള ലൈസന്‍സ് ഇയാള്‍ക്കില്ലെന്ന് പൊലീസ് അറിയിച്ചു. മട്ടാഞ്ചേരി സ്വദേശിയായ കമറുദ്ദീന് ഇപ്പോള്‍ വൈക്കത്താണ് താമസം. സ്ഥാപനം പൊലീസ് സീല്‍ ചെയ്തു. എസ്ഐ ദ്വിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

