മൂവാറ്റുപുഴ: കെ.എസ്.ആര്.ടി.സി ബസ്റ്റാന്റ് മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ആറു മാസത്തിനകം പൂര്‍ണ്ണമായി തുറന്നു നല്‍കുമെന്ന് കെ.എസ്.ആര്.ടി സി ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ എ എസ് പറഞ്ഞു. അവശേഷിക്കുന്ന നിര്‍മ്മാണ വേലകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
സ്റ്റാന്റിന്റെ ശോചനീയാവസ്ഥയും നിലച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചൂണ്ടികാട്ടി മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് മാനേജിംഗ് ഡയറക്ടര്‍ തന്നെ സ്റ്റാന്റില്‍ പരിശോധനക്കെത്തിയത്. ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പണിതിരാത്ത സ്റ്റാന്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അദ്ധേഹം പരിശോധിച്ചു. ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. നൂറുകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന ഇവിടുത്തെ പണി തീരാത്ത ടൊയ്ലറ്റക്കം എം എല്‍ എ എം ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് കരാറുകാരുമായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംമ്പന്ധിച്ച് എം ഡി ചര്‍ച്ച നടത്തി. അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തീര്‍ത്തു നല്‍കാമെന്ന് കരാറുകാര്‍ യോഗത്തില്‍ ഉറപ്പ് നല്കി. കരാറുകാര്‍ക്കുള്ള കുടിശിക തുകയുടെ ഒരു ഭാഗം ഉടന്‍ നല്‍കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. നഗരസഭാ ചെയര്മാന് പി പി എല്‍ദോസ് , കെ.എസ്. ആര്. ടി.സി ചീഫ് എഞ്ചിനിയര്‍ മനോമോഹന്‍ , ജില്ലാ ഓഫിസര്‍ ബിന്ദു എം എസ് , ക്ലസ്റ്റര്‍ ഓഫിസര്‍മാരായ അഭിലാഷ് ടി.എ , ജയകുമാര്‍ കെ ജി എന്നിവരും സന്നിഹിതരായിരുന്നു.


