കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര് ബോധവല്ക്കരണപരിപാടിയുടെ ഭാഗമായി വോട്ടുവണ്ടി ജില്ലയിൽ പര്യടനം ആരംഭിച്ചു. വോട്ട് വണ്ടികളുടെ ഫ്ളാഗ് ഓഫ് കേരള ഹൈക്കോടതി ജസ്റ്റിസ് ഷാജി പി ചാലി നിർവ്വഹിച്ചു. സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ( സ്വീപ്പ്) പദ്ധതിയുടെ ഉദ്ഘാടനും നടത്തി.

ജനാധിപത്യത്തിൽ ഏറ്റവും വലിയ മാതൃകയാണ് നമ്മുടെ രാജ്യം. പ്രതികൂല സാഹചര്യങ്ങളിലും ജനാധിപത്യ പ്രക്രിയക്ക് കോട്ടം തട്ടിയിട്ടില്ല. ജനാധിപത്യ മൂല്യമുള്ള സർക്കാർ രൂപീകരിക്കുന്നതിന് എല്ലാവരും വോട്ടവകാശം വിനയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടരുത് എന്ന സന്ദേശവുമായി അൻപത് വോട്ട് വണ്ടികളാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും ഉപയോഗിക്കാൻ പോകുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ ( വി.വി.പാറ്റ് ) സംവിധാനവും തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തും. 24,10,388 വോട്ടർമാരാണ് ജില്ലയിലുള്ളത് . ജില്ലയിലെ 2251 പോളിംഗ് സ്റ്റേഷനുകളിലും വോട്ട് വണ്ടി പര്യടനം നടത്തും.
ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ സഫീറുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ , ഫോർട്ട്കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എ ഡി എം കെ . ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


