എറണാകുളം അങ്കമാലിയില്‍ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്റെ ക്രൂരതയ്ക്ക് സമാനമായി എറണാകുളത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. എറണാകുളം തിരുവാങ്കുളം ഏറമ്പാകത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് തീപൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന് ആനന്ദ് മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അച്ഛന് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു.
അതേസമയം, അങ്കമാലിയില്‍ അച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് അസുഖം ഭേദമായി നാളെ ആശുപത്രി വിടും. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റി. ഓക്സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


