കൊച്ചി: ജെസ്ന ജീവിച്ചിരിക്കുകയാണെങ്കിലും മരിക്കുകയോ ചെയ്താലും എന്നെങ്കിലും സിബിഐ സത്യം കണ്ടെത്തുമെന്ന് ക്രൈംബ്രാഞ്ച് മുൻ മേധാവി ടോമിൻ തച്ചങ്കരി.ഈ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ് സിബിഐ. സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് കോടുത്തത് സാങ്കേതികത്വമാണെന്നും തച്ചങ്കരി പറഞ്ഞു.
ക്രൈംബ്രാഞ്ചിലും കേരള പോലീസിലും ഇത് ചെയ്യുന്നതാണ്. ഒരു കേസ് ദീര്‍ഘനാളുകളായി അന്വേഷിച്ചിട്ടും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ താത്കാലികമായി അന്വേഷണം അവസാനിപ്പിക്കും. എന്നെങ്കിലും അതിനെ സംബന്ധിച്ച തെളിവ് ലഭിക്കുകയാണങ്കില്‍ സിബിഐ അത് തുടര്‍ന്നും അന്വേഷിക്കും.
കേസ് തെളിയിക്കുക എന്നത് ഒരു ചലഞ്ച് ആണ്. ഒരു പോലീസുദ്യോഗസ്ഥനെ സംബന്ധിച്ച് അത് ഭാഗ്യം കൂടിയാണ്. ഈ കേസ് തെളിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നിരാശരാകേണ്ട കാര്യമില്ല. സിബിഐയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്.
ഈ കേസ് താൻ അന്വേഷിച്ചപ്പോള്‍ തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ടായിരുന്നു. കേസുകള്‍ തെളിയാതെ വരുമ്ബോള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല.
ജെസ്ന പ്രപഞ്ചത്തില്‍ എവിടെ പോയി ഒളിച്ചിരുന്നാലും മറഞ്ഞിരുന്നാലും മരിച്ചിരുന്നാലും എന്നെങ്കിലും സിബിഐ കണ്ടെത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.

