മൂവാറ്റുപുഴ : സ്ഥിരമായി താലൂക്ക് സഭയ്ക്ക് എത്തിച്ചേരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കുവാന് താലൂക്ക് സഭ യോഗം തീരുമാനിച്ചു. മൂവാറ്റുപുഴ മേഖലയില്‍ വ്യാപിച്ചിരിക്കുന്ന ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നഗരസഭാ ചെയര്മാന്മാരുടെയും ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഉന്നത എക്സൈസ് – പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഏഴിന് ചേരും.
കടുത്ത വേനലില്‍ വെള്ളം കിട്ടാതെ ദുരിതത്തില്‍ ആയ കൃഷിക്കാര്‍ക്ക് അടിയന്തരമായി വെള്ളം എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പ്രശ്ന പരിഹാരത്തിനായി അടിയന്തരമായി ഇടപെടാന്‍ പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. ഇന്റര്‍ കണക്ഷനുകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പലയിടത്തും ജലജീവന്‍ കണക്ഷനുകള്‍ എത്തിക്കാന്‍ കഴിയുന്നില്ല. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
കോതമംഗലം മൂവാറ്റുപുഴ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന നോ എന്‍ട്രി ബോര്‍ഡ് മൂലം റോട്ടറി റോഡിലും, ന്യൂബസാറിലും നെഹ്യു പാര്‍ക്കിലും വലിയ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും . ഗതാഗത പ്രശ്നങ്ങളുടെ പരിഹാരത്തിനായി അടിയന്തര ട്രാഫിക് ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കും. ജലജീവന്‍ കുടിവെള്ള പദ്ധതിവഴി പായിപ്രയില്‍ കൂടുതല്‍ പ്രേദശങ്ങളില്‍ അടിയന്തിരമായി കുടിവെള്ളമെത്തിക്കുമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.
കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ മൂവാറ്റുപുഴ മേഖലയില്‍ കര്‍ഷകര്‍ വ്യാപകമായി ദുരിതത്തിലാണ്. അടിയന്തിരമായി എം വി ഐ പി – പി വി ഐ പി – മൈനര്‍ ഇറിഗേഷന്‍ കനാലുകളുടെ അവശേഷിക്കുന്ന ക്ലീനിങ് ജോലികള്‍ പൂര്‍ത്തിയാക്കി കൃഷി ആവശ്യത്തിന് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തണമെന്ന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പരാതിഉയര്ന്നതിന്റെ അടിസ്ഥാനത്തില്‍ മാലിന്യ ശേഖരണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ താലുക്ക് സഭയെ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പിറവം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജൂലി സാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം അസീസ് (പായിപ്ര ), ബിനോ . കെ ചെറിയാന് (വാളകം), സ്റ്റീഫന്‍ പാലിയേടത്ത് (രാമമംഗലം )
തഹസീല്‍ദാര്‍ ജോസ് കുട്ടി കെ.എം, എല്‍ എ തഹസീല്‍ദാര്‍ (റെയില്‍വേ ) ബോബി റോസ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും താലുക്ക് സഭ അംഗങ്ങളും യോഗത്തിന് പങ്കെടുത്തു.