കാക്കനാട്: കുട്ടിയെയെും അമ്മയെയും ബസില്‍ കയറ്റാതിരിക്കുകയും സഹോദരിയെ ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തെന്ന പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. തൃപ്പൂണിത്തുറ-കാക്കനാട് റൂട്ടിലോടുന്ന ബസിനെതിരെയാണ് നടപടിയെടുത്തത്.
ഭാരതമാതാ കോളേജിന് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ കാണിച്ച ശേഷം ഒരു ബസില്‍ കാക്കനാട് കളക്ടറേറ്റിന് സമീപം വന്നിറങ്ങിയ സ്ത്രീയും കുട്ടിയും സഹോദരിയും തൃപ്പൂണിത്തുറക്ക് പോകാനായി ബസ് സ്റ്റോപ്പിൽ എത്തുകയായിരുന്നു. കളക്ടറേറ്റിന് മുന്‍വശത്തുള്ള ഈ ബസ് സ്റ്റോപ്പില്‍ നിന്നും തൃപ്പൂണിത്തുറ-കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ കയറുമ്പോഴാണ് സംഭവം.
സഹോദരി ആദ്യം ബസില്‍ കയറി. എന്നാല്‍ കുട്ടിയും അമ്മയും കയറുന്നതിന് മുൻപ് ബസ് വിട്ടു. കുട്ടിയും അമ്മയെയും കയറാനുണ്ടെന്ന് പറഞ്ഞ് ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അവരെ അസഭ്യം പറഞ്ഞ ബസ് ജീവനക്കാർ ഇറക്കി വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മ ആര്.ടി ഓഫീസിലെത്തി ആര്.ടി.ഒ ജോജി പി. ജോസിന് പരാതി നല്കി.
ജോയിന്റ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ്, എം.വി.ഐമാരായ നിതീഷ്, അനില്‍ എന്നിവര്‍ ചേര്‍ന്നു ബസ് കസ്റ്റഡിയിലെടുത്തു. ബസിലെ കണ്ടക്ടര്ക്കെതിരെയായിരുന്നു പരാതി. ഇടുക്കിക്കാരനായ കണ്ടക്ടര്‍ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബസിനെതിരെയും മോട്ടോർ വാഹന വകുപ്പ് നിയമ നടപടി സ്വീകരിച്ചത്.