എടത്വാ:മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വൻ വരൾച്ച നേരിട്ട് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുവാനും അടിയന്തിര കർമ്മ പദ്ധതി നടപ്പിലാക്കാനും ന്യൂജേഴ്സി (അമേരിക്ക)ആസ്ഥാനമായി ഉള്ള ഗ്ലോബൽ പീസ് വിഷൻ സർവ്വേ ആരംഭിച്ചു.രാജ്യാന്തര ഡയറക്ടർ വനറ്റാ ആനിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം.
എടത്വാ പഞ്ചായത്തിലെ നാലാം വാർഡിലെ മുപ്പത്തിമൂന്നിൽചിറ കോളനിയിൽ എത്തിയ രാജ്യാന്തര ഡയറക്ടർ വനറ്റാ ആനിന് പ്രദേശവാസികൾ ഊഷ്മള സ്വീകരണം നൽകി.പ്രളയത്തെ അതിജീവിച്ചെങ്കിലും ജനം അനുഭവിക്കുന്ന ആശങ്കകളും ആകുലതകളും അകറ്റി ആത്മവിശ്വാസം നൽകുന്നതിന് ആവശ്യമായ ഗ്രൂപ്പ് കൗൺസിലിംങ്ങ് നടത്താനും സംഘടന ലക്ഷ്യമിട്ടിരിക്കുന്നതായി അവർ അറിയിച്ചു.രാജ്യാന്തര ഡയറക്ടർ ബോർഡ് അംഗം ഡോ.ജോൺസൺ വി ഇടിക്കുള ,ഇന്ത്യൻ പ്രതിനിധി പ്രസാദ് ജോൺ നാസിക്ക് എന്നിവർ പങ്കെടുത്തു.
കുടിവെള്ള ക്ഷാമം നേരിടുന്ന കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രികരിച്ച് ‘ലിവിങ്ങ് വാട്ടർ – വിഷൻ 2020 ‘എന്ന പേരിൽ പദ്ധതിയുടെ യൂണിറ്റുകൾ ആരംഭിക്കും.എല്ലാ വീടുകളിലും ജലസംഭരണികൾ സൗജന്യമായി നൽകുന്നതോടൊപ്പം ആഴ്ചയിൽ നിശ്ചിത ദിവസം കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.