പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന എന്റെ വീട് പെരുമ്പാവൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ ഭവനം മുടക്കുഴ ഗ്രാമപഞ്ചായത്ത് കിരിക്കാട്ടയില് എം.എ സുശീലക്ക് കൈമാറി. മുത്തൂറ്റ് എം. ജോര്‍ജ്ജ് ഫൗണ്ടേഷന്റെ ധനസഹായതോടെയാണ് ഭവനം പൂര്‍ത്തീകരിച്ചത്. 500 ചതുരശ്രയടി ചുറ്റളവിലാണ് ഭവന നിര്‍മ്മാണം. 5.50 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. 2 കിടപ്പു മുറികളും അടുക്കളയും ഹാളും ശുചിമുറിയും ഉള്‍പ്പെടുന്ന സുരക്ഷിതമായ ഇത് എന്റെ വീട് പെരുമ്പാവൂര്‍ പദ്ധതിയിലെ പതിനൊന്നാമത്തെ ഭവനമാണ്.
പക്ഷാഘാതം ബാധിച്ച ഭര്‍ത്താവിനൊപ്പമാണ് സുശീലയുടെ താമസം. ഇതുമൂലം ജോലിക്ക് പോകുന്നതിന് സാധിക്കുന്നില്ല. വര്‍ഷങ്ങളായി ടാര്‍പോളിന്‍ വെച്ചു കെട്ടിയ വീട്ടിലാണ് സുശീലയും കുടുംബവും താമസിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരില്‍ നിന്ന് അനുവദിച്ച തുക കൊണ്ട് നിര്‍മ്മിച്ച ചെറിയ വീടാണ് ഇത്. എന്നാല്‍ ഭര്‍ത്താവിന് അസുഖം ബാധിച്ചതിനാല്‍ ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുവാന്‍ അന്ന് സാധിച്ചിരുന്നില്ല. കഴിഞ്ഞ മഴയില്‍ ഇത് പൂര്‍ണ്ണമായും നശിച്ചു പോയതിനെ തുടര്‍ന്ന് വാടക വീട്ടിലാണ് ഇപ്പോള്‍ സുശീലയും കുടുംബവും താമസിക്കുന്നത്. ഇവരുടെ അവസ്ഥ മുടക്കുഴ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാര്‍ ആണ് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് മുത്തൂറ്റ് ഫൗണ്ടേഷനുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ബന്ധപെടുകയും മുത്തൂറ്റ് ആഷിയാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം അനുവദിക്കുകയായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ചടങ്ങിനെത്തിയില്ല.
വീടിന്റെ താക്കോല്‍ദാനം മുത്തൂറ്റ് ഫിനാന്‍സ് എക്സികൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് നിര്‍വ്വഹിച്ചു. എ.ടി അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി അവറാച്ചന്, മിനി ബാബു, മുത്തൂറ്റ് സി.എസ്.ആര് വിഭാഗം മേധാവി ബാബുജോണ്‍ മലയില്‍, വാര്‍ഡ് അംഗങ്ങളായ ഡോളി ബാബു, റോഷ്നി എല്‍ദോ, വല്‍സ ശശി, എന്‍.പി രാജീവ്, ജോഷി തോമസ്, ജോളി കെ. ജോസ്, ഫെജിന് പോള്‍, മനോജ് കെ.റ്റി, ബാബു പാത്തിക്കല്‍, ഗിരീഷ് എന്‍.പി, സോഫി രാജന്, ദീപഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.


