മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ഡിജിറ്റല്‍ സാക്ഷരത നല്‍കാനായി ജില്ലയില്‍ നൈപുണ്യ നഗരം പദ്ധതി ആരംഭിക്കുന്നു. എറണാകുളം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
ആധുനിക വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം മുതിര്‍ന്ന പൗരന്മാര്ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ താല്പര്യമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് ആണ് ജില്ലയില്‍ പരിപാടി ഏകോപിപ്പിക്കുന്നത്. ഐ.എച്ച്.ആര്.ഡിയുടെ എറണാകുളം റീജിയണല്‍ സെന്റര്‍ ആണ് പരിശീലനം നല്‍കുന്നത്. 10 ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പറവൂരില്‍ നടത്തും.
82 ഗ്രാമ പഞ്ചായത്തുകളിലെയും 13 നഗരസഭകളിലെയും 50 വീതം വയോജനങ്ങള്‍ക്കു കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേരളം അക്കാദമി ഫോര്‍ സ്കില്‍ എക്സല്ലന്സിന്റെ ജില്ലാ ഓഫീസറായ മധു കെ ലെനിന് അറിയിച്ചു.


