മൂവാറ്റുപുഴ: നേര്യമംഗലം – പമ്പ സംസ്ഥാന ഹൈവേ 44- ന്റെ ഭാഗമായ ഊന്നുകല്‍ മുതല്‍ വെങ്ങല്ലൂര്‍ വരെയുള്ള 21 കി.മി. റോഡ് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം സര്‍ക്കാരിന് നിവേദനം നല്കി. ആയിരക്കണക്കിന് വാഹനങ്ങള്‍ ദൈനം ദിനം കടന്നുപോകുന്ന ഈ റോഡിന്റെ ഊന്നുകല്‍ മുതല്‍ വെങ്ങല്ലൂര്‍ വരെ ഭാഗം ശരാശരി 6 മീറ്ററോ, അതില്‍ താഴെയോ വീതി മാത്രമാണ് നിലവില്‍ ഉള്ളത്. ഇത് ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഭൂമി ഏറ്റെടുത്ത് അമ്പതോളം കൊടും വളവുകള്‍ നിവര്‍ത്തി ശരാശരി 12 മുതല്‍ 15 മീറ്റര്‍ വരെ വീതിയുള്ള റോഡായി മാറിയാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്‍ വികസന കുതിപ്പിന് ഇത് വഴിവയ്ക്കും.
റീബില്‍ഡ് കേരളയില്‍ വികസിപ്പിച്ച കക്കടാശ്ശേരി – കാളിയാര്‍,മൂവാറ്റുപുഴ – തേനി റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. കോതമംഗലം – തൊടുപുഴ – മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ 44 വികസന പദ്ധതി കാലങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതും വളരെ അത്യന്താപേക്ഷിതവുമാണ്.മൂന്നാര്‍, അടിമാലി ഭാഗത്ത് നിന്നും തൊടുപുഴ വഴി ശബരിമല ഉള്‍പ്പെടെ വലിയ തീര്‍ത്ഥാടക പ്രവാഹമുള്ള മേഖലകളിലേക്കുള്ള ഏറ്റവും പ്രധാന പാത കൂടിയാണിത്.ഒപ്പം, ടൂറിസം സാധ്യതയും ഇരട്ടിയാകും.
ഊന്നുകല്‍ – പരീക്കണ്ണി – തൃപ്പള്ളി കവല – പൈങ്ങോട്ടൂര്‍ – കുളപ്പുറം – കലൂര്‍ – പെരുമാംകണ്ടം – കുമാരമംഗലം – വെങ്ങല്ലൂര്‍ പ്രധാന കവലകള്‍ വഴിയുള്ള ഈ റോഡ് വികസിച്ചാല്‍ കാര്‍ഷിക,വ്യാപാര മേഖലയില്‍ മികച്ച വളര്‍ച്ചക്ക് വഴിയൊരുങ്ങും. 30 – ല്‍ അധികം സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകളും നിലവില്‍ ഈ വഴി സര്‍വീസ് നടത്തുന്നുണ്ട്. 152 കി.മി. ദൈര്‍ഘ്യമുള്ള നേര്യമംഗലം – പമ്പ പാതയില്‍ ഏറ്റവും ഇടുങ്ങിയ ഭാഗമാണ് വെങ്ങല്ലൂര്‍ -ഊന്നുകല്‍ വരെയുള്ള പാത. വളരെ പ്രാധാന്യമേറിയ ഈ റോഡിന്റെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബഹു.ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിനും , ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എല്‍ദോ എബ്രഹാം കത്ത് നല്കി.