എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി കഴിഞ്ഞ് 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ നിശ്ചിത മാതൃകയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനായുള്ള നോഡല്‍ ഓഫീസര്‍ അറിയിച്ചു. വീഴ്ചവരുത്തുകയോ തെറ്റായ കണക്കുകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പ്.
തിരഞ്ഞെടുപ്പ് വരവ് ചെലവ് സംബന്ധിച്ച പത്രികകള്‍ തയ്യാറാക്കുന്നതിനായി ഫെസിലിറ്റേഷന്‍ ട്രെയിനിംഗ് അടുത്ത മാസം 21ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അതില്‍ സ്ഥാനാര്‍ത്ഥികളോ അവരുടെ തിരഞ്ഞെടുപ്പ് വരവ് ചെലവുകള്‍ എഴുതി തയ്യാറാക്കുന്ന ഏജന്റോ, അഡീഷണല്‍ ഏജന്റോ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതും സംശയ നിവാരണം വരുത്തി കുറ്റമറ്റ രീതിയില്‍ കണക്കുകള്‍ സമര്‍പ്പിക്കേണ്ടതുമാണ്.
കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്ഥലം, സമയം എന്നിവയില്‍ മാറ്റം ഉണ്ടായാല്‍ പത്രക്കുറിപ്പിലൂടെ അറിയിക്കും. സ്ഥാനാര്‍ത്ഥികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് മെക്കാനിസം കണ്ടെത്തി ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ചെലവ് കണക്കുകളും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുന്നതിനായി അനുരഞ്ജന യോഗം അടുത്ത മാസം 28ന് രാവിലെ 10.30ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
അതില്‍ എല്ലാ സ്ഥാനാര്‍ത്ഥികളോ ഏജന്ററുമാരോ പങ്കെടുക്കേണ്ടതും വൈരുദ്ധ്യങ്ങള്‍ പരിഹരിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ചെലവ് കണക്കുകള്‍ സ്ഥാനാര്‍ത്ഥി അംഗീകരിച്ചതായി കണക്കാക്കുമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനായുള്ള നോഡല്‍ ഓഫീസര്‍ അറിയിച്ചു.