കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മുഖചിത്രം ഗാന്ധിയം എന്ന പേരില്‍ പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഓഡിറ്റോറിയത്തില്‍ ഒരുങ്ങുന്നു. സ്കൂള്‍ മാനേജ്മെന്റ്, പിറ്റിഎ കമ്മിറ്റി സഹകരണത്തോടെ 2021 സെപ്റ്റംബര്‍ 30ന് മുഖചിത്രം ഒരുങ്ങൂം. സ്കൂളിലെ 7 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ചിത്ര രചനയില്‍ താല്പര്യമുള്ള ഈ വിദ്യാലയത്തിലെ 120 വിദ്യാര്‍ഥികളാണ് ഈ വലിയ സ്റ്റെന്‍സില്‍ ഗാന്ധി ചിത്രം ഒരുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റെന്‍സില്‍ ഗാന്ധി മുഖചിത്രമാണ് പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഒരുങ്ങുന്നത്. 44.3 അടി വീതിയും 51.3 അടി നീളവുമുള്ള ഈ ഗാന്ധി മുഖചിത്രം ഏകദേശം 2272.59 sq Feet വലിപ്പമുള്ളതാണ്. ഇത്രയും വലിപ്പമുള്ള മറ്റൊരു ഗാന്ധി ചിത്രം ഇതുവരെ ഒരു വിദ്യാലയം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ വരച്ചിട്ടില്ല. പ്രമുഖ ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും, കാര്‍ട്ടൂണ്‍ ക്ലബ് കേരളയുടെ കോ-ഓര്‍ഡിനേറ്ററുമായ ഷാനവാസ് മുടിക്കല്‍ ക്യൂറേറ്ററായ ഈ ഉദ്യമം പൂര്‍ത്തിയാക്കുന്നത്. 2016 ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാവു കൂടിയായ ഷാനവാസ് മുടിക്കല്‍.
അധ്യാപകരായ കെ.എ നൗഷാദ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററായും ഷൈനി പി.എം. ശ്രീവിദ്യ എം.എന്‍, അജീന ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡിന്റെ പശ്ചാതലത്തില്‍ ഓണ്‍ലൈനായി കൃത്യമായ പരിശീലനം നല്‍കിയാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. ഒരു വിദ്യാലയത്തിലെ കുട്ടികള്‍ തീര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗാന്ധി ചിത്രം എന്ന നിലയില്‍ വിവിധ റെക്കോഡ് ഏജന്‍സികള്‍ ഈ പരിപാടി വിലയിരുത്താന്‍ എത്തും.
2021 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനാചരണങ്ങളുടെ ഭാഗമായി സെപ്റ്റബര്‍ 30 വ്യാഴം രാവിലെ 9 മണി മുതല്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ക്രമീകരിക്കും. രാവിലെ 11:30 മുതല്‍ ഈ ചിത്രം കാണാന്‍ സൗകര്യമൊരുക്കും. നഴ്സറി തലം മുതല്‍ +2 തലം വരെ ഏകദേശം 3500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പിന്നിട്ട 58 വര്‍ഷത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി ഈ പരിപാടി മാറും.
ഭാരതത്തിന്റെ സ്വാതന്ത്രസമര സത്ത വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭാരതീയം എന്ന പേരില്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്ത സ്വാതന്ത്ര സമര സേനാനികളുടെയും സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും, ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്റ്റെന്‍സില്‍ ആര്‍ട്ട് ചിത്രങ്ങള്‍ ഒരുക്കുകയാണ് ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ഷാനവാസ് മുടിക്കല്‍.
സ്വാതന്ത്രസമര പോരാളികളെയും സാമൂഹിക പരിഷ്കര്‍ത്താക്കളെയും ചരിത്രത്തില്‍ നിന്ന് തമസ്ക്കരിക്കാനും ഒഴിവാക്കാനും നടത്തുന്ന സമകാലിക ലോകത്ത് ഈ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ട്.
ഓണ്‍ലൈന്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊരുക്കിയ സംസ്ഥാനത്തെ ആദ്യത്തെ വിദ്യാലയമാണിത്. ഗാന്ധി പീസ് ഫൗണ്ടേഷന്, സാംസ്ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വായന പൂര്‍ണ്ണിമ എന്നിവയുടെ പിന്തുണയും ഈ പരിപാടിക്കുണ്ട്.
എം.പി, എം.എല്‍എമാര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ പി.എ. മുഖ്താര്‍, തണ്ടേക്കാട് മുസ്ലിം ജമാഅത്ത് ചെയര്മാന് കെ.കെ. മജീദ്, പരിപാടി ക്യൂറേറ്റര്‍ ഷാനവാസ് മുടിക്കല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.എ. നൗഷാദ് മാസ്റ്റര്‍, പ്രധാന അധ്യാപകന് വി.പി. അബൂബക്കര്‍, പിറ്റിഎ പ്രസിഡന്റ് നിസാര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.