മൂവാറ്റുപുഴ: മേക്കടമ്പ് ഗവ എല്‍പി സ്കൂളില്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം നീണ്ടു നിന്ന വായന പരിപോഷണ പ്രവര്‍ത്തനങ്ങളുടെ സമാപനം മഹാരാജാസ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ നാവൂര് പരീത് നിര്‍വഹിച്ചു. കുട്ടിക്കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്കിയ നാവൂര് പരീത് സാറിന്റെ ക്ലാസ്സ് കുട്ടികള്‍ക്ക് വളരെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.
കുട്ടികളുടെ ഭാഷ സര്‍ഗ്ഗശേഷി പരിപോഷണം ലക്ഷ്യമാക്കി സ്കൂളില്‍ സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പിലൂടെയും വായനാവാര പ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികള്‍ തയ്യാറാക്കിയ രചനകള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ സ്കൂള്‍ ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനവും നാവൂര് പരീത് നിര്‍വ്വഹിച്ചു.
വായന വാരാചരണ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ള സമ്മാന വിതരണവും നടന്നു. അമ്മ വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി അമ്മമാര്‍ക്കു കൂടി സ്കൂളില്‍ നിന്നും പുസ്തകം നല്കുന്ന പദ്ധതിയായ അമ്മ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു.
യോഗത്തില്‍ പ്രധാന അധ്യാപിക സുനിത എം.എല്‍, പി.ടി.എ. പ്രസിഡന്റ് പി.എന്‍. ഉണ്ണികൃഷ്ണന്, എസ്.എം.സി. ചെയര്മാന് വിമല്‍ കുമാര്‍, അധ്യാപിക കരോളിന് വര്‍ഗീസ്, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.സി. ശ്യാം എന്നിവര്‍ സംസാരിച്ചു. ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിവിധ വായന പരിപോഷണ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.


