കേരളത്തിലെ ആദ്യത്തെ കെ.എ.എസ് (കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ്) ബാച്ച് ട്രെയിനികളുമായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് കൂടിക്കാഴ്ച നടത്തി. കെ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ കേരള ദര്ശന് യാത്രയുടെ ഭാഗമായാണ് 30 പേര് അടങ്ങുന്ന സംഘം എറണാകുളത്ത് എത്തിയത്.
ജീവിതത്തിലും ജോലിയിലും പുലര്‍ത്തേണ്ട ബാലന്‍സിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ കളക്ടര്‍ ജോലി സ്ഥലത്തെ ബന്ധങ്ങളിലും ബാലന്‍സ് തുടരണമെന്ന് അഭിപ്രായപ്പെട്ടു. ജോലിത്തിരക്കിനിടയിലും നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ക്കും കുടുംബത്തിനും പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കൂ.
തിരക്കുകള്‍ക്കിടയില്‍ നമ്മുടേതായ സമയങ്ങള്‍ കണ്ടെത്തുന്നതിനെ കുറിച്ചും സ്വയം പുനര്‍ നിര്‍മിക്കുന്നതിനെ കുറിച്ചുമുള്ള ചിന്തകളും കളക്ടര്‍ പങ്കുവച്ചു. ടൂറിസം, ഭരണ നിയന്ത്രണം, ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി.
ഒരു മാസം നീളുന്നതാണ് കേരള ദര്ശന് യാത്ര. യാത്രയ്ക്ക് ശേഷം കെ.എ.എസ് ട്രെയിനികള്‍ക്ക് വിവിധ വകുപ്പുകളിലും ജില്ലകളിലുമുള്ള പരിശീലനങ്ങള്‍ ആരംഭിക്കും.


