കുറുപ്പംപടി: ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചു വരവ് അനിവാര്യമാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്തിയെടുത്ത കോണ്‍ഗ്രസിനെ ഇന്ന് ഭാരതത്തിന് ആവശ്യമുണ്ട്. ഇന്ത്യയിലെ ജനാധിപത്യ മതേതര ഘടന ഭീഷണി നേരിടുകയാണ്. വര്‍ഗീയതയും തൊഴിലില്ലായ്മയും രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കും. ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചു വരണമെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പുംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 138 മത് കോണ്‍ഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാപരമായ നവീകരണം ഇന്ന് പാര്‍ട്ടിക്ക് ആവശ്യമാണ്. പുതിയ കമ്മിറ്റികള്‍ രൂപികരിച്ചു താഴെ തട്ടില്‍ നിന്ന് തന്നെ സംഘടന ദൗത്യം ആരംഭിക്കണം. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ കൃത്യമായ സംഘടന ചട്ടക്കൂട് സൃഷ്ടിച്ചു മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിടുവാന്‍ സാധിക്കൂ എന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ഒ ദേവസി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ റെജി ഇട്ടൂപ്പ്, ജോഷി തോമസ്, സജി പടയാട്ടില്‍, കെ.പി അബ്രഹാം, ന്യൂനപക്ഷ സെല്‍ ജില്ല പ്രസിഡന്റ് എല്‍ദോ ചെറിയാന്, കോണ്‍ഗ്രസ് വേങ്ങൂര്‍ മണ്ഡലം പ്രസിഡന്റ് എല്‍ദോ ചെറിയാന്, മണ്ഡലം സെക്രട്ടറി വിനോദ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എല്‍ദോസ് ചിറക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.


