കെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെ അച്ചടക്ക നടപടി. മൂവാറ്റുപുഴ ഡിവിഷനിലെ എക്സിക്യുട്ടീവ് എന്‍ജിനീയറായ കെആര്‍ രാജീവിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇടുക്കി നെടുങ്കണ്ടത്തേക്ക് സ്ഥലം മാറ്റിയത്. ബോര്‍ഡ് തീരുമാനം നടപ്പിലാക്കിയതിനാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നതാണ് വിചിത്രം.
കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളിലെ ഫീല്‍ഡ് ജീവനക്കാരുടെ കുറവ് നികത്താന്‍ കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ലൈന്മാന്, ഡ്രൈവര്‍ തുടങ്ങിയവരെ ഫീല്‍ഡ് ജീവനക്കാരാക്കാന് കെഎസ്ഇബി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ സെക്ഷന്‍ ഓഫീസിലെ കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഡ്രൈവറെ തിരികെ ഡ്രൈവര്‍ തസ്തികയിലേക്ക് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മാറ്റി.
സിഐടിയു നേതാവ് കൂടിയായ ഇയാളെ കാഷ്യര്‍ സ്ഥാനത്തു നിന്നും നീക്കി ഫീല്‍ഡിലേക്ക് നിയമിച്ചതാണ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരായ പ്രതികാര നടപടിക്ക് കാരണമെന്നാണ് ആരോപണം. ഡ്രൈവര്‍ തസ്തികയിലുള്ള ഇയാള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ഇതേ ഓഫീസില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു.
ഇയാളുടെ ഡ്രൈവര്‍ തസ്തികയിലേക്കുള്ള മാറ്റത്തിന് പിന്നാലെ ഉന്നത ഇടപെടല്‍ നടന്നു വരികയായിരുന്നു. ഇതോടെയാണ് ഉത്തരവിട്ട എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നെടുങ്കണ്ടത്തേക്ക് സ്ഥലം മാറ്റം. സിപിഎമ്മിലെ ഉന്നതന് ഇടപെട്ടതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റ തീരുമാനം. അതിനാല്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രിയും ബോര്‍ഡ് ചെയര്‍മാനും.
എക്സിക്യുട്ടീവ് എന്‍ജിനീയറെ തന്നെ സ്ഥലം മാറ്റാന്‍ കഴിയുന്ന ഡ്രൈവര്‍ തസ്തികയിലുള്ള ജീവനക്കാരന് ഉന്നത ഇടപെടലിലൂടെ വീണ്ടും കാഷ്യറാകാന് സാധ്യതയുണ്ടെന്നം ആരോപണം ഉയരുന്നുണ്ട്. ഇത്തരം നടപടി യൂണിയന് നേതാക്കന്മാരെ ഭയന്ന് ബോര്‍ഡിന്റെ ഉത്തരവു പോലും നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തും. ഇത് കെഎസ്ഇബിയുടെ സുഗമമായ നടത്തിപ്പിനെ തന്നെ അപകടത്തിലാക്കുമെന്നും വിമര്‍ശനം.


