കാക്കനാട്. കോലഞ്ചേരിയില്‍ നിന്നും പെരുമ്പാവൂരിലേക്ക് നെല്ലാട് വഴി സര്‍വീസ് നടത്തുന്ന ഒരു പ്രൈവറ്റ് ബസ് സാധാരണ ബസ് നിരക്കിനേക്കാള്‍ അധികം നിരക്ക് ഈടാക്കുന്നു എന്ന നിലയില്‍ പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. അത്തരത്തിലുള്ള പ്രൈവറ്റ് ബസുകളുടെ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന് ആര് ടി ഒ യ്ക്ക് നിര്‍ദ്ദേശം നല്കി.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സമഗ്ര പച്ചക്കറി കൃഷി പദ്ധതി നടപ്പിലാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് യോഗത്തില്‍ എം എല്‍ എ പറഞ്ഞു. വിദ്യാലയങ്ങളില്‍ കുട്ടി കൃഷി എന്ന നിലയിലും ഈ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കണം. കൃഷി പരിപോഷിപ്പിക്കുന്നതിനായുള്ള ഇടങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ഒരുക്കിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതിനായുള്ള നടപടികള്‍ വേഗത്തിലാകണമെന്നും യോഗത്തില്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിന് താഴെയുള്ള റവന്യൂ ഭൂമിയിലുള്ള പ്രദേശം ചുറ്റുമതില്‍കെട്ടി സംരക്ഷിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും എം എല്‍ എ ഉദ്യോഗസ്ഥരോട് പറഞ്ഞു. കോവിഡ് കാലത്ത് വെട്ടിക്കുറച്ച കെ എസ് ആര് ടി സി സര്‍വീസുകള്‍ തുടര്‍ന്ന് പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമോ എന്നുള്ളത് പരിശോധിക്കണമെന്ന് കെ എസ് ആര് ടി സി ഉദ്യോഗസ്ഥരോട് എം എല്‍ എ യോഗത്തില്‍ സൂചിപ്പിച്ചു.
മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന്റെ പ്രതിനിധി അഡ്വ.സലിം ഉന്നയിച്ച വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കന്‍ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി ജ്യോതിമോള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


