മലപ്പുറം: ആരോഗ്യ രംഗത്ത് മലപ്പുറം ജില്ലയോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്ന് കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം. ജില്ലയുടെ ജനസംഖ്യാനുപാതികമായി വാക്സിന് വിതരണം നടന്നിട്ടില്ല എന്നും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ലഭിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി എംഎല്‍എ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ് മുഖ്യമന്ത്രിക്കും കത്ത് അയച്ചു.
വെന്റിലേറ്റര്‍, ഓക്സിജന്‍ എന്നിവ നല്കുന്ന കാര്യത്തില്‍, മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും വിവേചനം ഉണ്ടെന്നും എംഎല്‍എ പറയുന്നു. ജില്ലക്ക് കൂടുതല്‍ കുത്തിവെപ്പ് കേന്ദ്രങ്ങളം, വാക്സിനുകളും, ആരോഗ്യ പ്രവര്‍ത്തകരെയും എത്രയും വേഗം നല്‍കണമെന്നും ടിവി ഇബ്രാഹിം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ വിസ്തൃതിയും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയില്‍ ജനസംഖ്യാനുപാതികമായി കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങളും വാക്സിനും അനുവദിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.
മെയ് 25 വരെ സംസ്ഥാനത്ത് വാക്സിന് എടുത്തവരുടെ ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള കണക്ക് വിശദമാക്കി ആണ് ടിവി ഇബ്രാഹിം എംഎല്‍എയുടെ വിമര്‍ശനം. എംഎല്‍എ വിശദമാക്കുന്ന കണക്കുകള്‍ ഇങ്ങനെ, 48 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന മലപ്പുറം ജില്ലക്ക് ഇതുവരെ ലഭിച്ചത് 6,65,542 (6.65 ലക്ഷം) ഡോസുകളാണ്. എന്നാല്‍ 33 ലക്ഷം ജനങ്ങളുള്ള തിരുവനന്തപുരത്ത് ഈ സമയം വരെ 10.37 ലക്ഷം ആളുകള്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്. അത്ര തന്നെ ജനസംഖ്യയുള്ള എറണാകുളം ജില്ലയിലും 9.74 ലക്ഷം പേര് വാക്സിന് എടുത്തിട്ടുണ്ട്.
30 ലക്ഷം വീതം ജനങ്ങളുള്ള തൃശൂരില്‍ 7.96 ലക്ഷവും കോഴിക്കോട് 7.57 ലക്ഷവും വാക്സിന് എടുത്തവരുണ്ട്. മലപ്പുറം ജില്ലയുടെ ഏകദേശം പകുതിയുള്ള കൊല്ലം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഇപ്പോള്‍ നല്കിയ വാക്സിന്റെ അത്രയുമാണ് മലപ്പുറത്ത് നല്‍കാനായത്. 11 ലക്ഷം ജനങ്ങള്‍ മാത്രമുള്ള പത്തനംതിട്ട ജില്ലയില്‍ പോലും 5 ലക്ഷത്തിന് മുകളിലാണ് വാക്സിന് എടുത്തവരുടെ കണക്ക്. സംസ്ഥാനത്ത് വാക്സിന് നല്‍കിയവരുടെ ജനസംഖ്യാസസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ മലപ്പുറമാണ് പിന്നില്‍ എന്ന് കണ്ടെത്താന്‍ കഴിയും എന്നും എംഎല്‍എ വിശദമാക്കുന്നു.
നിലവില്‍ മലപ്പുറത്തെ ജനസംഖ്യയെക്കാള്‍ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയില്‍ 140 വാക്സിനേഷന് കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് ആകെ 101 കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളില്‍ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്ലോട്ടും ലഭിക്കുന്നില്ല. കത്തയക്കുന്ന ദിവസമായ മെയ് 27 ന് മലപ്പുറം ജില്ലയില്‍ കേവലം 29 കേന്ദ്രങ്ങളില്‍ മാത്രം വാക്സിന് ലഭിക്കുമ്പോള്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ 100 ഓളം കേന്ദ്രങ്ങളിലാണ് വാക്സിന് ലഭ്യമാവുന്നത്.
’33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരം ജില്ലയില്‍ വാക്സിന് സെന്ററുകള്‍ 140 ആണെന്നിരിക്കെ 43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് ആകെ 101 സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ തന്നെ തിരുവനന്തപുരത്ത് 114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 26 സ്വകാര്യ കേന്ദ്രങ്ങളും ഉള്ളപ്പോള്‍ മലപ്പുറത്ത് യഥാക്രമം 91 ഉം 10 ഉമാണ്. ആവശ്യത്തിനനുസരിച്ചും യഥാ സമയത്തും വാക്സിന് ലഭ്യമാക്കാത്തതിനാല്‍ മലപ്പുറത്ത് ഇത് വരെ ആകെ 6,68000 പേര്‍ക്ക് മാത്രമാണ് വാക്സിന് എടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ മലപ്പുറത്തേക്കാള്‍ ജനസംഖ്യ കുറഞ്ഞ തിരുവനന്തപുരത്ത് 10,38,000 പേര്‍ക്ക് വാക്സിന് ലഭിച്ചു കഴിഞ്ഞു’.
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ട്രിപ്പിള്‍ ലോക്ക് ഡൗണും നില നില്ക്കുന്ന ഏക ജില്ലയായിരുന്നിട്ട് പോലും ജില്ലയുടെ ആവശ്യത്തിനനുസരിച്ച് വാക്സിനും, വാക്സിന് കേന്ദ്രങ്ങളും സജ്ജമാക്കാന്‍ തയ്യാറാകാത്ത ആരോഗ്യ വകുപ്പിന്റെ നിലപാട് ജില്ലയോടുള്ള അവഗണനയാണെന്നും ഇത് ഏറെ വേദനാജനകമാണെന്നും പ്രസിഡന്റ് പറഞ്ഞു.


