മൂവാറ്റുപുഴ: മഴക്കാല സാംക്രമിക രോഗങ്ങള്‍ തടയുന്നതിനും മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി മുവാറ്റുപുഴ നഗരസഭ വൃത്തിയുളള വീടും നാടും പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി 28 വാര്‍ഡുകളിലേയും പതിനായിരത്തോളം വീടുകളിലും മാര്‍ക്കറ്റ്, ആശുപത്രികള്‍, പ്രധാന നിരത്തുകളുടെ ഓരങ്ങള്‍, ബസ്റ്റാന്റുകള്‍ തുടങ്ങി പൊതു ഇടങ്ങളിലും ശുചീകരണം നടത്തുമെന്ന് മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു.
ജൂണ്‍ 5, 6 തീയതികളില്‍ ഒറ്റക്കും കൂട്ടമായും ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കും. ഒരു വാര്‍ഡില്‍ 5 അംഗങ്ങള്‍ വീതമുളള ഇരുപതോളം ഗ്രൂപ്പുകള്‍ ഇതിനായി എല്ലാ വാര്‍ഡിലും രൂപികരിക്കും. ശനിയാഴ്ച വാര്‍ഡ് തലത്തില്‍ ദ്രുത കര്‍മ്മ സേനയുടെ യോഗം നടത്തും.
കൊതുക് നശീകരണത്തിനായി ഫോഗിംങും സ്പ്രേയും ഉപയോഗിക്കും. ഡങ്കിപനി അടക്കമുളള സാംക്രമിക രോഗങ്ങള്‍ തടയുക എന്നതാണ് കൊതുക് നശീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. 5 ന് മുമ്പായി പ്രധാന കേന്ദ്രങ്ങളില്‍ മാസ് ക്ലീനിംഗ് പൂര്‍ത്തിയാക്കും. ഇതിന്റെ വിജയത്തിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുബശ്രീ അയല്‍ക്കൂട്ടം, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി സംഘടനകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷന് എന്നിവയുടെ ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ക്കും.
പൊതു ഓടകളുടെ ശുചീകരണവും വാര്‍ഡുകളിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള പ്രവര്‍ത്തനവും നടത്തും. ഇത് സംബന്ധിച്ച് നഗരസഭ ഓഫീസില്‍ നടന്ന യോഗത്തില്‍ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷനായി. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടാട്ട്, പി.എം.അബ്ദുള്‍ സലാം, നിസ അഷറഫ്, രാജശ്രീ രാജൂ, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, മുനി. സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്, കൗണ്‍സിലര്‍മാരായ പി.വി. രാധാകൃഷ്ണന്, ബിന്ദു സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


