മുവാറ്റുപുഴ: മുളവൂര്‍ പ്രദേശത്തെ തപാല്‍ ഉരുപ്പിടികള്‍ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. മുളവൂര്‍ പോസ്റ്റോഫീസിനെ സംബന്ധിച്ചാണ് വ്യാപകമായ പരാതികള്‍ ഉയരുന്നത്. ആധാര്‍, പാന്‍ കാര്‍ഡ്, ചെക്ക് ബുക്കുകള്‍, രെജിസ്ട്രേഡ് ലെറ്ററുകള്‍ എന്നിങ്ങനെ ജനങ്ങളുടെ വളരെയേറെ പ്രധാനപ്പെട്ട തപാലുകള്‍ പോലും മുളവൂര്‍ പോസ്റ്റോഫീസിലെത്തിയാല്‍ മേല്‍വിലാസക്കാരനെ ഏല്‍പ്പിക്കാതെ ആഴ്ചകളോളം തടഞ്ഞുവയ്ക്കുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. തപാല്‍ എത്തിയിട്ടുണ്ടോയെന്നറിയാന്‍ നേരിട്ട് പോസ്റ്റോഫീസിലെത്തി അന്വേഷിക്കുന്നവരോട് പോലും തെറ്റായ വിവരങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
വിഷയത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസില്‍ മാസ് പെറ്റീഷന് നല്‍കിയിരുന്നു.എന്നിട്ടും പരിഹാരം അകലെയാണ്. തപാല്‍ വിതരണം കാര്യക്ഷമമാക്കുക, സമയബന്ധിതമായി മേല്വിലാസക്കാരന് തപാല്‍ ലഭ്യമാക്കുക, കൃതൃവിലോപം നടത്തുന്ന പോസ്റ്റ്മാനെ പിരിച്ചു വിടുക, എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ഡിവിഷന് കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുളവൂര്‍ പോസ്റ്റോഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഡിവിഷന് പ്രസിഡന്റ് ഷാജഹാന് പി കെ, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫാറൂഖ് എന്നിവര്‍ അറിയിച്ചു