മുവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭയിലെ മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ക്സുകളുടെ വാടക മൂന്നും നാലും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നഗരസഭ ഭരണാധികാരികളുടെ ഏകപക്ഷീയമായ തീരുമാനത്തിന് എതിരെ കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ കോംപ്ളക്സുകളിലെ കച്ചവടക്കാര്‍ നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.
ആരക്കുഴ ജംഗ്ഷനിലെ സത്രം കോംപ്ളക്സിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സമിതി ഏരിയാ രക്ഷാധികാരി കെ.എന്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമിതി സംസ്ഥാന കമ്മിറ്റി അംഗം എ.സ്. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് സജീവ് നന്ദനത്തിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് എം.എ.സഹീര്‍, മുന്‍സില്‍ കൗണ്‍സിലര്‍ കെ.ജി. അനില്‍ കുമാര്‍ എന്നിവര്‍ സമരത്തിന് പിന്തുണ അറിയിച്ച് സംസാരിച്ചു. പി.എസ്. ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. സി.പി. റഫീക് നന്ദി പറഞ്ഞു.
ഏകപക്ഷീയമായ വാടക വര്‍ദ്ധനവ് പിന്‍വലിക്കാന്‍ നഗര ഭരണാധികാരികള്‍ തയ്യാറാകും വരെ അതിശക്തമായ സമര പരിപാടികളുമായി വ്യാപാരി വ്യവസായി സമിതി മുന്നോട്ടു പോകുമെന്നും വര്‍ദ്ധനവ് അറിയിച്ച് നഗരസഭയുടെ നോട്ടീസ് കിട്ടുന്ന മുറയ്ക്ക് വാടക നിയന്ത്രണ നിയമത്തിന്റെ ലംഘനം അടക്കം നിയമ വശങ്ങള് ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി സമിതി കോടതിയെ സമീപിക്കുമെന്നും സമിതി ഏരിയാ രക്ഷാധികാരി കെ.എന്‍. ജയപ്രകാശ് അറിയിച്ചു.
ലേലത്തില്‍ പങ്കെടുത്ത് വലിയ തുക അഡ്വാന്‍സും, അതിന് അനുസൃതമായ വാടകയും നല്കി മുറികള്‍ എടുത്തിട്ടുള്ള വരെ തട്ടിപ്പുകാരായി ചിത്രീകരിച്ച് പൊതുമധ്യത്തില്‍ താറടിക്കുന്ന മുന്‍സിപ്പല്‍ ചെയര്‍മാന്റെ നിലപാട് വ്യാപാരി സമൂഹത്തോടുള്ള അവഹേളനമാണ്. ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, പരസ്യ നികുതി, കെട്ടിട നികുതി ഇങ്ങനെ വിവിധ തരത്തില്‍ വ്യാപാരികള്‍ നല്കുന്ന വന്‍തുകയാണ് നഗരസഭയുടെ മുഖ്യ വരുമാനം എന്നത് മറന്ന് കൊണ്ട് വ്യാപാരികളെ അവഹേളിക്കുന്നത് ഒരു ഭരണാധികാരിക്ക് ചേര്‍ന്ന നിലപാടല്ലെന്നും വ്യാപാരി വ്യവസായി സമിതി പറഞ്ഞു.


