മുവാറ്റുപുഴ: സ്വന്തം സുരക്ഷ മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ യുവാക്കള്‍ക്ക് വാക്സിനേഷന് നല്കാന് മുന്‍ഗണന നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിവിധ സംഘടനകളില്‍ പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നൂറുകണക്കിന് വാഹനങ്ങള്‍ കോവിഡ് രോഗികളെ ചികിത്സയ്ക്കും ടെസ്റ്റിനുമായി ആശുപത്രിയില്‍ കൊണ്ടു പോയി വരുന്നതിന് സൗജന്യ സേവനം നല്‍കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്ഡീന് കുര്യാക്കോസ് എംപി ക്കും, മാത്യു കുഴല്നാടന് എംഎല്എക്കുംജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ അറിയിച്ചു.
കോവിഡ് രോഗികള്‍ക്ക് ആവശ്യമായിട്ടുള്ള മരുന്നും ഭക്ഷണവും എത്തിക്കുന്നതും വീട് അണ് വിമുക്തമാക്കുന്നതും കോവിഡ് ബാധിച്ച മരണപ്പെടുന്നവരുടെ സംസ്കാര കര്മ്മങ്ങള്ക്ക്നേതൃത്വം നല്‍കുന്നതുമൊക്കെ കൂടുതലും സന്നദ്ധ പ്രവര്‍ത്തകരാണ് മുന്നിലുള്ളത്.
ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ നാടിന്റെ നട്ടെല്ലായി നില്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദ്രുത കര്‍മ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് വാക്സിനേഷന് മുന്‍ഗണന നല്‍കില്ലെന്നു ചില പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നിലപാട്. ഇത് സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യം കെടത്തുന്നതാണെന്നും സമീര്‍ കോണിക്കല്‍ പറഞ്ഞു.


