മൂവാറ്റുപുഴ: മൂവാറ്റുപുഴ, കോതമംഗലം എന്‍.എച്ച്-85 ബൈപ്പാസ് റോഡുകള്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കത്ത് നല്കി. നിലവില്‍ ഭാരതമാല പരിയോജന പദ്ധതിയില്‍ എന്‍.എച്ച്-85 ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ നിര്‍ദ്ദിഷ്ട ബൈപാസുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സമയ ബന്ധിതമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നോടൊപ്പമാണ് ഡീന്‍ കുര്യാക്കോസ് മുഖ്യമന്ത്രിയെ കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ നയത്തിനനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് 50% തുക സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തണം. 1990 മുതല്‍ നിലനില്‍ക്കുന്ന ബൈപ്പാസ് പദ്ധതി നിര്‍ദ്ദേശം നാളിതുവരെ പ്രാവര്‍ത്തികമാകാതെ കിടക്കുകയായിരുന്നു. എന്‍.എച്ച്-85 ന്റെ ഗ്രീന്‍ഫീല്‍ഡ് അലൈന്മെന്റ് മൂവാറ്റുപുഴ, കോതമംഗലം ടൗണുകളെ ബന്ധപ്പെടാതെ മറ്റു പ്രദേശങ്ങളിലൂടെ പോകുന്നതിനാല്‍ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകള്‍ നിര്‍മ്മാണം നടത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടാതെ കിടക്കുകയാണ്.
നിലവിലെ ഭാരതമാല അലൈന്മെന്റ് പ്രകാരം എന്‍.എച്ച്-85 നിര്‍മ്മാണം പൂര്‍ത്തിയാകമ്പോള്‍ നിലവിലുള്ള എന്‍.എച്ച്-85 ന്റെ മൂവാറ്റുപുഴ- കോതമംഗലം പാത സംസ്ഥാന ഹൈവേ ആയി പുനര്‍നാമകരണം ചെയ്യപ്പെടുകയും, പിന്നീട് ഈ റോഡിന്റെ നിര്‍മ്മാണ ചുമതലയും ബന്ധപ്പെട്ടു വരുന്ന മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകളുടെ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടയുള്ള നിര്‍മ്മാണ ഉത്തരവാദിത്ത്വം സംസ്ഥാന സര്‍ക്കാരില്‍ വരികയും നിലവിലെ സാഹചര്യത്തില്‍ അത് സംസ്ഥാന സര്‍ക്കാരിന് വലിയ ബാധ്യതയാവുകയും ചെയ്യുമെന്നും എം.പി. പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്ഥലമേറ്റെടുപ്പിനായി 50% തുക സംസ്ഥാന സര്‍ക്കാര്‍ വഹിച്ചാല്‍ സ്റ്റാന്‍ഡ് എലോണ്‍ വര്‍ക്കായി അനുവദിക്കാമെന്ന് പറഞ്ഞിട്ടുള്ള കാര്യം എംപി മുഖ്യമന്തിയെ ബോധ്യപ്പെടുത്തി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലിലൂടെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുവാന്‍ എംപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദ്ധതിയുടെ പൂര്‍ണ വിവരം ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.
ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസുമായും ഡീന്‍ കുര്യാക്കോസ് നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായും എം.പി പറഞ്ഞു.


