മൂവാറ്റുപുഴ : മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ രണ്ടുകോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സെക്രട്ടറിയടക്കം രണ്ടുപേരെ സസ്പെന്റ് ചെയ്ത് പുതിയ ഭരണ സമിതി. നടപടി വൈകിപ്പിച്ച മുന്‍ അഡമിനിസ്ട്രേറ്റര്മാര്ക്കും സഹകരണ ജീവനക്കാര്‍ക്കെതിരെയും സഹകരണ രജിസ്റ്റാറുടെ കത്തില്‍ ഗുരുതര പരാമര്‍ശം. ഇവര്‍ക്കെതിരെ ബാങ്ക് തല അന്വേഷണം നടത്തി കുറ്റപത്രം നല്കാന് നാലംഗസമിതിയെ നിയമിച്ചു.
ബാങ്കില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ലോണ്‍ രേഖകളിലാണ് വ്യാപകമായി ക്രമക്കേടുള്ളത്. ലോണ്‍ സംബന്ധിച്ച രേഖകളില്‍ വലിയ തിരിമറി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി വി സിജാമോള്‍, ബാങ്ക് ജീവനക്കാരന് പ്രവീണ്‍ എം ജി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. 2022 മെയ് 2ലെ കോ- ഓപ്പറേറ്റീവ് വിജിലന്‍സ് ഓഫീസറുടെയും 2022 ആഗസ്റ്റ് 16ലെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരെയും നടപടി.
പി എം ഹുസൈനാര് നല്കിയ മറ്റൊരു പരാതിയിലും പ്രവീണിനെ സസ്പെന്റ് ചെയ്യാന്‍ സഹകരണ ജോയിന്റ് രജിസ്റ്റാറുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രവീണിനെതിരെ നടപടി വൈകിപ്പിച്ച മുന്‍ അഡമിനിസ്ട്രേറ്റര്മാര്ക്കും സഹകരണ ജീവനക്കാര്‍ക്കെതിരെയും സഹകരണ രജിസ്റ്റാറുടെ കത്തില്‍ പരാമര്‍ശമുണ്ട്. നടപടി വൈകിയതോടെ പുതിയ ഭരണസമിതിക്ക് ഈമാസം 23ന് വീണ്ടും വിജിലന്‍സിന്റെ കത്ത് ലഭിച്ചു. ഇതില്‍ ബാങ്ക് ഭരണസമിതി നിയമോപദേശം തേടി. നോട്ടീസ് കൊടുത്ത് മറുപടിക്ക് കാത്തു നില്‍ക്കേണ്ടന്നും ഗൗരവകരമായ കുറ്റമാണന്നും നടപടി അടിയന്തിരമായി വേണമെന്നുമായിരുന്നു ഉപദേശം ലഭിച്ചത്. തുടര്‍ന്നാണ് ബാങ്ക് ഭരണസമിതി വിജിലന്‍സ് നിര്‍ദ്ധേശ പ്രകാരം ഈമാസം 25ന് ചേര്‍ന്ന് ഇരുവരെയും സസ്പന്റ് ചെയ്തതെന്ന് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടാനും തിരിമറിനടത്താനും സാധ്യതയുണ്ടെന്ന് വിജലന്‍സ് കണ്ടെത്തിയതോടെയാണ് ഇരുവരെയും ബാങ്ക് സസ്പെന്റ് ചെയ്തത്. 25മുതല്‍ ആറ് മാസത്തേക്കാണ് സസ്പെന്ഷന്. ഈ കാലയളവില്‍ ഇരുവര്‍ക്കും അലവന്‍സ് ബാങ്കില്‍ നിന്നും സ്വീകരിക്കാം. സീനിയര്‍ സൂപര്‍വൈസര്‍ ഇമ്മാനുവലിനാണ് സെക്രട്ടറിയുടെ ചുമതല.
ഭരണസമിതി അംഗങ്ങളായ എന്‍.പി ജയന്, പോള്‍ ലൂയിസ് പാലമൂട്ടില്‍, ടോമി പാലമല, അഭിഭാഷകനായ അഡ്വ. പി.എം സിറാജ് എന്നിവരാണ് ബാങ്ക് തല അന്വേഷണം നടത്തി കുറ്റപത്രം നല്‍കാനുള്ള നാലംഗസമിതിയിലുള്ളത്. സസ്പെന്ഷന് ശേഷമുള്ള തുടര്‍നടപടികളുടെ ഭഗമായാണ് അന്വേഷണം നടക്കുന്നത്. ബാങ്കിന്റെ കുടിശികപൂര്ണ്ണമായി പിരിച്ചെടുക്കാന്‍ ഭരണസമിതി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.