എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകാരിക്കുന്നതിനായുള്ള ജില്ല ആസൂത്രണ സമിതി യോഗം ചേര്‍ന്നു. സംസ്ഥാന തലത്തില്‍ പ്രശംസക്ക് അര്‍ഹമായ ഓപ്പറേഷന് വാഹിനി പോലുള്ള പദ്ധതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു.
ജല്‍ജീവന്‍ മിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ഭൂമി വാങ്ങാനുള്ള പദ്ധതികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം 25 വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതികളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വളരെ മുന്നേറ്റം കാഴ്ചവച്ചത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ പദവിയൊഴിയുന്ന ജാഫര്‍ മാലിക്കിന് ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. മികച്ച രീതിയില്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയ കടുങ്ങല്ലൂര്‍, ഇലഞ്ഞി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരെയും ഉദ്യോഗസ്ഥരെയും ആസൂത്രണ സമിതി അഭിനന്ദിച്ചു.
ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ അനുമതി ലഭിച്ച 22 ബഡ്സ് സ്കൂളുകളുടെ വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. നിലവില്‍ 15 ബഡ്സ് സ്കൂളുകള്‍ ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടു സ്ഥലങ്ങളില്‍ കെട്ടിടങ്ങളുടെ നിര്‍മാണം സാങ്കേതിക കാരണങ്ങളാല്‍ ആരംഭിച്ചിട്ടില്ല. വെങ്ങോലയില്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. ബാക്കിയിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ആകെ 23 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് ആണ് ആസൂത്രണ സമിതി അംഗീകരിച്ചത്. പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലെയും മൂന്ന് മുന്‍സിപ്പാലിറ്റികളിലെയും എട്ടു പഞ്ചായത്തുകളിലെയും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിധിയിലെ മിയോവാക്കി വന നിര്‍മാണം, ആരോഗ്യ സുരക്ഷാ പദ്ധതികള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി, ക്ഷീര വികസന പദ്ധതികള്‍ തുടങ്ങിയവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 73 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 5.93 കോടി രൂപയാണ് അടങ്കല്‍ തുക. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 117 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 2.57 കോടി രൂപയാണ് അടങ്കല്‍ തുക. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ 79 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 3.45 കോടി രൂപയാണ് അടങ്കല്‍ തുക. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 118 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 6.54 കോടി രൂപയാണ് അടങ്കല്‍ തുക.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 78 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 3.96 കോടി രൂപയാണ് അടങ്കല്‍ തുക. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 97 പദ്ധതികള്‍ അംഗീകരിച്ചു. 1.07 കോടി രൂപയാണ് അടങ്കല്‍ തുക. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 97 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 8.21 കോടി രൂപയാണ് അടങ്കല്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ 65 പദ്ധതികള്‍ അംഗീകരിച്ചു. 3.69 കോടി രൂപയാണ് അടങ്കല്‍ തുക. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 101 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 10.78 കോടി രൂപയാണ് അടങ്കല്‍ തുക. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 91 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 5.98 കോടി രൂപയാണ് അടങ്കല്‍ തുക.
തരിശു ഭൂമിയിലെ കൃഷി, മാലിന്യ സംസ്ക്കരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് മുന്‍സിപ്പാലിറ്റികളില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ആലുവ മുന്‍സിപ്പാലിറ്റിയിലെ 173 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 11.21 കോടി രൂപയാണ് അടങ്കല്‍ തുക. പിറവം മുന്‍സിപ്പാലിറ്റിയിലെ 159 പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം ലഭിച്ചത്. 8.66 കോടി രൂപയാണ് അടങ്കല്‍. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ 311 പദ്ധതികള്‍ അംഗീകരിച്ചു. 3.55 കോടി രൂപയാണ് അടങ്കല്‍ തുക.
മാലിന്യ സംസ്കരണം, എല്ലാ വാര്‍ഡുകളിലും പെറ്റ് ബോട്ടിലുകള്‍ ശേഖരിക്കാനുള്ള മിനി എം.സി.എഫുകള്‍, തരിശു ഭൂമിയിലെ കൃഷി, പ്രാദേശിക കാലാവസ്ഥ വ്യതിയാന പദ്ധതി, അസറ്റ് മാപ്പിംഗ് എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. എടക്കാട്ടുവയല്‍, ഇലഞ്ഞി, കടുങ്ങല്ലൂര്‍, കോട്ടപ്പടി, കുമ്പളം, വാളകം, വാഴക്കുളം, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്കി.
യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. തുളസി ടീച്ചര്‍, അനിത ടീച്ചര്‍, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹന്‍, ഷൈമി വര്‍ഗ്ഗീസ്, ലിസി അലക്സ്, എ.എസ് അനില്‍കുമാര്‍, മനോജ് മൂത്തേടന്, സനിത റഹീം, റീത്ത പോള്‍, മേഴ്സി ടീച്ചര്‍, പി.കെ ചന്ദ്രശേഖരന്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ പി.എ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.


