പിറവം: ലോക്ഡൗണിനെ തുടര്‍ന്ന് കള്ള് ഷാപ്പുകളടച്ചതോടെ ആയിരത്തോളം തൊഴിലാളികളാണ് വരുമാനമില്ലാതെ ദുരിത്തില്‍. തൃപ്പൂണിത്തുറ, പിറവം റെയിഞ്ചിലെ പിറവം നിയോജക മണ്ഡലത്തിലെ കള്ളുചെത്ത് വ്യവസായ മേഖലയില്‍പെട്ട ആയിരത്തോളം തൊഴിലാളികളാണ് വരുമാനമില്ലാതെ കഷ്ടപെടുന്നത്. ചെത്തിയെടുക്കുന്ന കള്ള് വില്ക്കാന് സാധിക്കാത്തതിനാല്‍ മറിച്ചു കളയുകയാണ് ചെയ്യുന്നത്. തൊഴിലാളികളുടെ അധ്വാനം വെറുതെ കളയാതെയും അവരുടെ കുടുംബത്തിലെ ദുരിതം മാറ്റാനുമായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പിറവം ചെത്ത് തൊഴിലാളി യൂണിയന് ആവശ്യപ്പെട്ടു.
പനയില്‍ കെട്ടിവെക്കുന്ന മുള വെട്ടിയെടുക്കുന്നത് മുതല്‍ ദിവസങ്ങളോളം പണിയെടുത്താണ് ഒരു പനം കുലയില്‍ നിന്നും കള്ള് വീഴിക്കുന്നത്. പാര്‍സല്‍ സംവിധാനത്തിലൂടെ വില്പന നടത്തുവാന്‍ ഷാപ്പുകള്‍ തുറന്നു കൊടുക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ നൂറുകണക്കിന് തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് കള്ള് ഉല്പാദിപ്പിച്ച് എറണാകുളം ജില്ലയിലും മറ്റും വിതരണം നടത്തുന്നത്. ഏകദേശം പന ചെത്തുന്നത് പോലെയാണ് തെങ്ങ് ചെത്തുന്നത് എങ്കിലും തെങ്ങില്‍ മൂന്ന് നേരം കയറണം.
നൂറുകണക്കിന് തൊഴിലാളികള്‍ വീട് വിട്ട് തോട്ടത്തില്‍ താമസിച്ചാണ് ജോലി ചെയ്യുന്നത്. അവരുടെ കുടുംബവും പട്ടിണിയിലാണ്. മുപ്പതിനായിരത്തിലേറെ തൊഴിലാളികള്‍ക്ക് കൂലി ഇല്ലാതായി. അത്രയും തന്നെ കുടുംബങ്ങളും പട്ടിണിയിലായി. കേരളത്തിലാകെ ലക്ഷക്കണക്കിന് ലിറ്റര്‍ കള്ളാണ് ഒഴുക്കി കളയുന്നത്.
ഈ തൊഴിലാളികളുടെ അധ്വാനം വെറുതെ കളയാതെയും അവരുടെ കുടുംബത്തിലെ ദുരിതം മാറ്റാനുമായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതാണ്. ഈ വിഷയം എക്സൈസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഉടനെ തന്നെ അനുകൂല സാഹചര്യം ഉണ്ടാക്കുമെന്നും പിറവം ചെത്ത് തൊഴിലാളി യൂണിയന് (എ.ഐ.റ്റി.യു.സി.) സെക്രട്ടറി കെ.എന്‍. ഗോപി അറിയിച്ചു.


