കാസർകോട്: കാസർകോട് പടന്നക്കാട് പത്ത് വയസുകാരിയെ വീട്ടിൽ ഉറങ്ങി കിടക്കുമ്പോൾ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പി എ സലീമിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മരണം വരെ തടവിൽ പാർപ്പിക്കാനും ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ജഡ്ജി പി എം സുരേഷ് വിധിച്ചു.
2024 മെയ് 15 ന് പുലർച്ചയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പി എ സലീം പീഡിപ്പിച്ച് കമ്മലുകൾ കവർന്നത്. കുട്ടിയ തട്ടിക്കൊണ്ടു പോകൽ, വീട്ടിൽ അതിക്രമിച്ചു കയറൽ, പോക്സോ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തത്തിൽ പി എ സലീം മരണം വരെ ജയിലിൽ കഴിയണം. 2,70,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 60 സാക്ഷി മൊഴികളും 42 ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 117 രേഖകളും പരിശോധിച്ച ശേഷമാണ് കോടതി വിധി.
വിധിയിൽ തൃപ്തനല്ലെന്നും പ്രതിക്ക് വധശിക്ഷ നൽകുംവരെ പോരാടുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ പ്രതികരിച്ചു. കുട്ടിയിൽ നിന്ന് മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സലീമിൻ്റെ സഹോദരി സുവൈബയ്ക്ക് കോടതി പിരിയുന്നത് വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കുടക് സ്വദേശിയായ സലീം കുട്ടിയുടെ വീടുള്ള പ്രദേശത്താണ് വർഷങ്ങളായി താമസിക്കുന്നത്.


