പെരുമ്പാവൂര്‍: നിര്‍ത്തിവെച്ച ഇരിങ്ങോള്‍ വല്ലം റിംഗ് റോഡ് രണ്ടാം ഘട്ട സര്‍വ്വേ പുനരാരംഭിക്കുവാന്‍ തീരുമാനം. പരിസരവാസികളുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ സര്‍വ്വേ നടപടികള്‍ തുടരുവാന്‍ തീരുമാനമെടുത്തു. സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചാല്‍ പദ്ധതി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഉള്ളതെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിസ്ഥിതിക്ക് ദോഷം വരുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തുമ്പോള്‍ പരിസരവാസികളുടെ ഇത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു. ഭാവിപെരുമ്പാവൂരിന്റെ വികസനത്തിന് റിംഗ് റോഡ് ഏറെ ആവശ്യമായ ഒരു ഘടകമാണ്.
3 മാസം കൊണ്ട് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്കി അനുമതി ലഭ്യമായാല്‍ മാത്രമാണ് തുടര്‍ നടപടിയിലേക്ക് കടക്കുവാന്‍ സാധിക്കു. അതിനാല്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അര്‍ത്ഥമില്ലെന്നും എം.എല്‍.എ പറഞ്ഞു. വികസന പദ്ധതികള്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുത് എന്നതിനാലാണ് സമൂഹ്യാഘാത പഠനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് പാലങ്ങളും കലുങ്കുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളില്‍ മണ്ണ് പരിശോധനയും പദ്ധതിയുടെ പുതുക്കിയ അലൈന്മെന്റ് രേഖപ്പെടുത്തുന്ന നടപടികളുമാണ് ഇപ്പോള്‍ നടക്കുന്നത്. 20 ലക്ഷം രൂപയാണ് സര്‍വ്വേ നടപടികള്‍ക്കായി അനുവദിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. ജി.എസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
നഗരസഭ കൗണ്‍സിലര്‍ അനിത പ്രകാശ്, രായമംഗലം പഞ്ചായത്ത് അംഗം കുര്യന് പോള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബൈപ്പാസ് യോഗം 28 ന്:
പെരുമ്പാവൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഈ മാസം 28 ന് എം.എല്‍.എ ഓഫിസില്‍ അവലോകന യോഗം ചേരുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. തെരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ ഒന്നര മാസമായി ബൈപ്പാസിന്റെ നടപടിക്രമങ്ങള്‍ മുടങ്ങികിടക്കുകയിരുന്നു. കെട്ടിടങ്ങളുടെയും ചുറ്റു മതിലുകളുടെയും വില നിര്‍ണ്ണയിക്കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങള്‍ വിഭാഗം ഏകദേശം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യമായി വരുന്ന സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്തു പുനരധിവാസ പാക്കേജിന് രൂപം നല്‍കും.
ഇതിനായുള്ള തിയതിക്കും യോഗത്തില്‍ തീരുമാനമാകും. ബൈപ്പാസിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം വേഗത്തിലാക്കും. പദ്ധതി തയ്യാറാക്കുന്ന കിറ്റ്കോ ഉദ്യോഗസ്ഥരും നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് കേരള അധികൃതരും രണ്ടാം ഘട്ട പദ്ധതി പ്രദേശം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതും യോഗത്തില്‍ ചര്‍ച്ചയാകും.


