മഴക്കാലത്ത് ഏതാനും ദിവസം വെള്ളപ്പൊക്കമുണ്ടാവുകയെന്നുള്ളത് പ്രകൃതിയുടെ സഹജമായ സവിശേഷതകളിലൊന്നാണ്. തുടര്‍ പ്രകിയ ആയതിനാല്‍. എല്ലാ നദീതടങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ ഇത് സംഭവിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. എന്നാല്‍ മൂവാറ്റുപുഴയില്‍ ഇതിനെ മറികടക്കുവാനെന്ന പേരില്‍ വേനല്‍ക്കാലത്ത് മൂവാറ്റുപുഴയാറിനെ സമൃദ്ധമാക്കുന്ന ജലസ്രോതസ്സിനെ വഴിതിരിച്ചു കൊണ്ടു പോകുവാനും അതിന് ഒത്താശ ചെയ്യുവാനുമുള്ള നീക്കമാണ് നടക്കുന്നത്. ഈ നദിയെ ആശ്രയിച്ചു കഴിയുന്ന മറ്റു ജില്ലകളിലേതടക്കമുള്ള വലിയൊരു ജനതയെയും നാടിനെ തന്നെയും ഒറ്റുകൊടുക്കുന്നതിന് സമാനമാണ് ഇത്.
ശുദ്ധജല സമൃദ്ധമായ മൂവാറ്റുപുഴയാറിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന സമീപ ജില്ലകളിലേതടക്കമുള്ള വലിയൊരു ജനസമൂഹത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് കാണുന്നത്. ഒരിക്കല്‍ ആലോചിച്ച, ചര്‍ച്ച ചെയ്ത്, ഉപേക്ഷിക്കേണ്ടി വന്ന ഒരു പദ്ധതി, വീണ്ടും പൊടിതട്ടിയെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും ബലക്ഷയമുള്ള അണക്കെട്ടാണ് ‘മലങ്കര ഡാം’ എന്ന് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. ഇത് യാഥാര്‍ത്ഥ്യമാണെങ്കിലും അല്ലെങ്കിലും, തൊടുപുഴയിലെയും മൂവാറ്റുപുഴയിലെയും പിറവത്തെയുമടക്കം ഈ നദീതീര വാസികളായ മുഴുവന്‍ ജനങ്ങളുടെയും, ജീവനും സ്വത്തും പ്രളയ ഭീഷണി രഹിതമാക്കുവാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്കുണ്ട്.
മഴക്കാലം ആരംഭിക്കുന്ന മുറയ്ക്ക്, ഈ ഡാമില്‍, ജലം ശേഖരിച്ചു വയ്ക്കുവാന്‍ ശ്രമിക്കാതെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തി പരമാവധി തുറന്നിടുകയല്ലേ വേണ്ടത്?. ഇപ്രകാരം മൂവാറ്റുപുഴയടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാദ്ധ്യത വലിയൊരളവു വരെ ഒഴിവാക്കുവാനല്ലേ നടപടി സ്വീകരിക്കേണ്ടത്?.
മൂലമറ്റത്തെ തുടര്‍ച്ചയായ വൈദ്യുതോത്പാദനത്തിന്റെ പശ്ചാത്തലത്തില്‍, മഴയുടെ കാഠിന്യം കുറയുന്നമുറയ്ക്ക് ഷട്ടര്‍ താഴ്ത്തി, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലങ്കര ഡാമില്‍ വേനല്‍ക്കാലത്തേയ്ക്ക് ആവശ്യമായത്ര വെള്ളം സംഭരിക്കുന്നതിന് സാധിക്കുകയും, അപകട ഭീഷണി ഒരു പരിധി വരെ ഒഴിവാകുകയും ചെയ്യുമല്ലോ. മാത്രമല്ല, പുതിയ പദ്ധതി വന്നാല്‍പോലും ജലം വഴി തിരിച്ചു വിടാതെ തന്നെ, വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാത്തവിധത്തിലുള്ളജല നിയന്ത്രണത്തിനും ഒരു പക്ഷെ സാധിച്ചേക്കാം.
മൂവാറ്റുപുഴയാറിനെ സംബന്ധിക്കുന്ന ഈ വിഷയത്തില്‍, ജനപ്രതിനിധികള്‍ ജനങ്ങളുടെ ആശങ്ക ‘ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തുക’ മാത്രമല്ല ചെയ്യേണ്ടത്. മറിച്ച്, ഇത്തരത്തിലൊരു സാഹചര്യം സംജാതമാകാതെയും, വലിയൊരു ഭൂപ്രദേശത്തെയും അവിടുത്തെ ജനങ്ങളെയും ദുരിതക്കയത്തിലേക്ക് തള്ളിവിടാന്‍ ഇടയാകാതെയും, ആവശ്യമായ ഉറച്ച നിലപാടു സ്വീകരിച്ച്, ജനങ്ങള്‍ക്കൊപ്പം നില്ക്കുവാനുള്ള ആര്‍ജ്ജവമുള്ളവരായി മാറുകയും കൂടി വേണം.
മൂവാറ്റുപുഴയാറിന്റെ ഈ ജലസ്രോതസ്സിനെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നവരും, വല്ലപ്പോഴുമൊരിക്കല്‍ മാത്രം സംഭവിക്കുന്ന വെള്ളപ്പൊക്കത്തിന്റെ പേരില്‍, അറിഞ്ഞോ അറിയാതെയോ ഈ നീക്കത്തിന്കൂട്ടു നില്‍ക്കുന്നവരും പുനര്‍വിചിന്തനം നടത്തുകയും, യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഒരു ജന സമൂഹത്തിനാകെ ദുരിതം വിതയ്ക്കാന്‍ സാദ്ധ്യതയുള്ള ഇത്തരമൊരുദ്യമത്തില് നിന്ന് പിന്മാറുകയും ചെയ്യണമെന്നതാണ് പൊതുവികാരം.
നദിയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ നീക്കം ചെയ്യുകയും, കായനാട്- റാക്കാട് ചെക്ക് ഡാം ‘ഷട്ടര്‍ – കം – ബ്രിഡ്ജ്’ സംവിധാനത്തോടെ പുനര്‍നിര്‍മ്മിക്കുകയും കൂടി ചെയ്താല്‍ കാര്യങ്ങള്‍ക്ക് താത്കാലിക പര്യവസാനമായേക്കും.


