കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജല്‍ ജീവന് മിഷന് പദ്ധതിയുടെ ആവശ്യത്തിനായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉപയോഗിക്കാനുള്ള അനുമതി വാട്ടര്‍ അതോറിറ്റിക്ക് നല്കി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് ആയിരിക്കും. ഗ്രാമ പ്രദേശങ്ങളില്‍ 50 സെന്റ് ഭൂമി വരെയും നഗരസഭ പരിധിയില്‍ 25 സെന്റ് ഭൂമി വരെയും കോര്പ്പറേഷന് പരിധിയില്‍ 10 സെന്റ് ഭൂമി വരെയും അനുവദിക്കും.
ജില്ലയില്‍ 285.47 സെന്റ് സര്‍ക്കാര്‍ ഭൂമിയും 65 സെന്റ് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമിയുമാണ് വാട്ടര്‍ അതോറിറ്റിക്ക് ഉപയോഗിക്കാനായി കൈമാറുന്നത്. മുവാറ്റുപുഴ വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന് കീഴില്‍ ഇലഞ്ഞി, വാളകം, കല്ലൂര്‍ക്കാട് വില്ലേജുകളിലും പെരുമ്പാവൂര്‍ വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന് കീഴില്‍ ചേലാമറ്റം, അശമന്നൂര്‍, വേങ്ങൂര്‍ വെസ്റ്റ്, കൊമ്പനാട്, അറക്കപ്പടി, വേങ്ങൂര്‍, കൊമ്പനാട്, ഐക്കരനാട്, മഴുവന്നൂര്‍, ഐക്കരനാട് നോര്‍ത്ത് വില്ലേജുകളിലും കട്ടപ്പന വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന് കീഴില്‍ എനാനെല്ലൂര്‍, പിറവം, മാറാടി, കീരമ്പാറ, പോത്താനിക്കാട് വില്ലേജുകളിലും സര്‍ക്കാര്‍ ഭൂമി കൈമാറും.
മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന് കീഴില്‍ കോട്ടപ്പടി, പെരുമ്പാവൂര്‍ വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന് കീഴില്‍ ചെങ്ങമനാട്, പാറക്കടവ് വില്ലേജുകളിലും കൊച്ചി വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന് കീഴില്‍ അശമന്നൂര്‍, ഐക്കരനാട് സൗത്ത്, മണക്കുന്നം വില്ലേജുകളില്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമി കൈമാറാനും ഉത്തരവായിട്ടുണ്ട്.
കേരള വാട്ടര്‍ അതോറിറ്റി സേവനവകുപ്പ് അല്ലാത്തതിനാല്‍ ജല്‍ ജീവന് മിഷന് പദ്ധതിക്ക് ആവശ്യമായ ഭൂമി കൈമാറാന്‍ സാധിക്കുമായിരുന്നില്ല. ജല്‍ ജീവന് മിഷന് സര്‍ക്കാരിന്റെ മുന്‍ഗണന പദ്ധതി ആയതിനാലും കുടിവെള്ള വിതരണ പദ്ധതിയായതിനാലും ഭൂമി ഉപയോഗ അനുമതിക്കായി നല്കാന് തീരുമാനിക്കുകയായിരുന്നു.