നെല്സന് പനയ്ക്കല്‍
മൂവാറ്റുപുഴ: ഉന്നക്കുപ്പ കൊടും വളവില്‍ വാട്ടര്‍ അതോററ്റി എടുത്ത വാരിക്കുഴി അപകടങ്ങള്‍ക്ക് കാരണമാകുന്നു. മൂവാറ്റുപുഴ- കോട്ടയം എം.സി റോഡില്‍ മാറാടി ഉന്നക്കുപ്പയിലെ കുത്തിറക്കവും കൊടുവളവുമായ ഭാഗതത്താണ് വാട്ടര്‍ അതോററ്റി കുഴി തീര്‍ത്തിരിക്കുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനാണ് കുഴിയെടുത്തത്. 20 അടി താഴ്ചയില്‍ 2 മീറ്റര്‍ വീതിയിലാണ് കുഴിയെടുത്തിട്ട് ഒരു മാസത്തിലേറെയായതായി നാട്ടുകാര്‍ പറയുന്നു.
ഇരുസൈഡിലൂടേയും വാഹനങ്ങള്‍ പോയിരുന്ന എം.സി.റോഡിന്റെ ഈ ഭാഗത്ത് ഒരു സമയം ഒരു വാഹനത്തിന് മാത്രമാണ് പോകുവാന്‍ കഴിയുന്നത്. തിരക്കേറിയ എം.സി. റോഡില്‍ ഇതുമൂലം മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുകയും ചെയ്യുന്നു. പ്രത്യേകിച്ച് ശബരിമല സീസണ് ആയതോടെ വാഹന തിരക്ക് വര്‍ദ്ധിക്കുകയും ശബരിമല യാത്രക്കാര്‍ മണിക്കൂറുകളോളം ഉന്നക്കുപ്പയില്‍ കാത്തു കിടക്കുകയും ചെയ്യുന്നു.
കൊടും വളവും കുത്തിറക്കവുമായ ഇവിടെ വേണ്ടത്ര വെളിച്ചം ഇല്ലാത്തതിനാല്‍ കോട്ടയം ഭാഗതത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കുഴിയെടുത്തിട്ടിരിക്കുന്നത് കാണാന്‍ കഴിയാത്തതിനാല്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ ഗതാഗത തടസം ഉണ്ടാകുന്നത് പൊതുമരാമത്തുവകുപ്പും, വാട്ടര്‍ അതോററ്റിയും കാണുന്നില്ലെന്നാണ് പ്രദേശ വാസികളുടെ ആക്ഷേപം.
ഒരു മാസക്കാലമായി തിരക്കേറിയ എം.സി. റോഡില്‍ വലിയ കുഴിയെടുത്തിട്ട് വാഹന യാത്രക്കാരെ അപകടത്തിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ്. മൂവാറ്റുപുഴയില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ദിശമാറിയാണ് ഒരു മാസമായി ഓടുന്നത്. കന്യാകുമാരിയില്‍ നിന്നുള്‍പ്പടെ പെരുമ്പാവൂരിലേക്ക് വരുന്ന റബ്ബര്‍കട്ട കയറ്റിയ ഭാരവണ്ടികള്‍ അപകടകരമായ രീതിയിലാണ് പോകുന്നത്.
ശബരിമല സീസണ് ആയതിനാല്‍ ഓരോ ദിവസവും വാഹന തിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ഭാഗത്തെ റോഡിന്റെ അറ്റകുറ്റപണി അടിയന്തിരമായ തീര്‍ക്കേണ്ടതുണ്ട്. ഉന്നക്കുപ്പ വളവിലെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് വാഹനഗതാഗതമ സുഗമമാക്കുകയും ഇവിടത്തെ അപകടങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


