കോട്ടയo : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് സംസ്ഥാനത്തെ മഴ സാധ്യത വർധിപ്പിക്കുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് കൂടുതൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കിഴക്കൻ മലയോര മേഖലയിലായിരുന്നു അതിശക്ത മഴ പെയ്തത്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളം മഴ നിർത്താതെ പെയ്തു. ഇതിന് പിന്നാലെ മീനച്ചിലാറിൽ പലയിടത്തും ജല നിരപ്പ് ഉയർന്നിട്ടുണ്ട്.
ജാഗ്രതാ നിർദ്ദേശം
കേരള തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അവർ (INCOIS) അറിയിച്ചിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.


