എറണാകുളം ജില്ലയില്‍ ശനിയാഴ്ച ഫയല്‍ തീര്‍പ്പാക്കല്‍ ദിനം. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കാന്‍ ജില്ല കളക്ടര്‍ ജാഫര്‍ മാലിക്ക് വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളോട് നിര്‍ദേശിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇതുവരെ തീര്‍പ്പാക്കിയത് 84,978 ഫയലുകള്‍. ജില്ലയില്‍ ആകെ തീര്‍പ്പാക്കാത്ത ഫയലുകളില്‍ 19.18 ശതമാനം ഫയലുകള്‍ നിലവില്‍ തീര്‍പ്പാക്കി.
62,593 ഫയലുകളാണ് ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ വിവിധ വകുപ്പുകള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 70 ശതമാനത്തോളം ഫയലുകള്‍ നിലവില്‍ തീര്‍പ്പാക്കി. 44,136 ഫയലുകളാണ് ജൂലൈ മാസത്തില്‍ മാത്രം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയത്.
ജലസേചന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ ശേഷിച്ചിരുന്ന 565 ഫയലുകളില്‍ 431 ഫയലുകളും നിലവില്‍ തീര്‍പ്പാക്കി. 3496 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടായിരുന്ന കേരള വാട്ടര്‍ അതോറിറ്റി 3017 ഫയലുകളും തീര്‍പ്പാക്കി. ഇതില്‍ 2517 ഫയലുകളും ജൂലൈ മാസത്തിലാണ് തീര്‍പ്പാക്കിയത്.
കൊച്ചി കോര്പ്പറേഷന് ജൂലൈ മാസത്തില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത് 463 ഫയലുകളായിരുന്നെങ്കിലും 470 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ 2201 ഫയലുകളും എറണാകുളം റൂറല്‍ പോലീസ് കാര്യാലയത്തിലെ 710 ഫയലുകളും ഈ മാസം തീര്‍പ്പാക്കി. പട്ടികജാതി വികസന ഓഫീസിലെ 1856 ഫയലുകളും ജൂലൈ മാസത്തില്‍ തീര്‍പ്പാക്കി. 2286 ഫയലുകളിലാണ് പട്ടികജാതി വികസന വകുപ്പില്‍ ഇതുവരെ പരിഹാരമായത്.
ജൂലൈ മാസത്തില്‍ 34,015 ഫയലുകളില്‍ പരിഹാരം കണ്ടെത്താനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. അതില്‍ 18,916 ഫയലുകള്‍ തീര്‍പ്പാക്കി. ആലുവ താലൂക്കിലെ 538 ഫയലുകളും കണയന്നൂര്‍ താലൂക്കിലെ 2870 ഫയലുകളും കൊച്ചി താലൂക്കിലെ 1396 ഫയലുകളും കോതമംഗലം താലൂക്കിലെ 745 ഫയലുകളും കുന്നത്തുനാട് താലൂക്കിലെ 727 ഫയലുകളും മൂവാറ്റുപുഴ താലൂക്കിലെ 1416 ഫയലുകളും പറവൂര്‍ താലൂക്കിലെ 466 ഫയലുകളും ജൂലൈ മാസത്തില്‍ തീര്‍പ്പാക്കി. ഫോര്‍ട്ട്കൊച്ചി റവന്യു ഡിവിഷന് ഓഫീസിലെ 1535 ഫയലുകളും മൂവാറ്റുപുഴ റവന്യു ഡിവിഷന് ഓഫീസിലെ 1231 ഫയലുകളും ഈ മാസം തീര്‍പ്പാക്കി. ഫയല്‍ അദാലത്ത് ആരംഭിച്ച ശേഷം 41589 ഫയലുകളാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയത്.
14816 ഫയലുകളാണ് കളക്ടറേറ്റില്‍ മാത്രമായി ഇതുവരെ തീര്‍പ്പാക്കിയത്. മജിസ്റ്റീരിയല്‍ വിഭാഗത്തിലെ 5002 ഫയലുകളും ഭരണ നിര്‍വഹണ വിഭാഗത്തിലെ 2413 ശതമാനം ഫയലുകളും ഇതുവരെ തീര്‍പ്പാക്കിയിട്ടുണ്ട്. റവന്യു റിക്കവറി വിഭാഗത്തിലെ 1910 ഫയലുകളും ഭൂ പരിഷ്കരണ വിഭാഗത്തിലെ 2813 ഫയലുകളും തീര്‍പ്പാക്കിയിട്ടുണ്ട്. കളക്ടറേറ്റിലെ 7208 ഫയലുകളും ജൂലൈ മാസത്തിലാണ് തീര്‍പ്പാക്കിയത്.
സെപ്തംബര്‍ 30 വരെയാണ് സംസ്ഥാന വ്യാപകമായി ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം നടത്തുന്നത്. പരമാവധി ഫയലുകള്‍ ഈ കാലയളവില്‍ തീര്‍പ്പാക്കുക എന്നതാണ് ലക്ഷ്യം.


