ആറ്റിങ്ങല്‍: നഗരത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ സ്കൂളായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ തിരഞ്ഞെടുത്തു. സ്കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ഡിജിറ്റല്‍ സ്കൂള്‍ പ്രഖ്യാപനം എം.എല്‍.എ ഒ.എസ് അംബിക നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള നാലാം ഘട്ട മൊബൈല്‍ ഫോണ്‍ വിതരണവും നിര്‍വ്വഹിച്ചു.
ക്യൂ ബര്‍സ്റ്റ് എന്ന സ്ഥാപനം 10 ഫോണുകള്‍ സംഭാവന ചെയ്തു. അധ്യാപകരുടെ സ്നേഹക്കൂട്ടായ്മയിലുടെ നിര്‍ധനരായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് 7 ഫോണുകളും വിതരണം ചെയ്തു. ഈ അധ്യയന വര്‍ഷം 40 ല്‍ അധികം ഫോണുകളാണ് ഫോണ്‍ ലൈബ്രറി പദ്ധതിയിലൂടെ സ്കൂളിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ഇതിലൂടെ 150 ഓളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കാന്‍ സാധിച്ചു.
ഇത്തരത്തില്‍ പരമാവധി കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കിയതിലൂടെ പട്ടണത്തിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്കൂളാവാന്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സാധിച്ചു. ഇങ്ങനെ ലഭ്യമാവുന്ന ഫോണുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കളും ശ്രദ്ധിക്കണമെന്ന് എം.എല്‍.എ അറിയിച്ചു. കൂടാതെ സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 5000 രൂപ നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. കുമാരിക്ക് കൈമാറി.
നഗരസഭ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് വി. വിശ്വംഭരന്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് നായര്‍, പ്രിന്‍സിപ്പല്‍ ലത ആര്.എസ്, ഹെഡ്മിസ്ട്രസ് ലത എസ്. നായര്‍, സ്റ്റാഫ് സെക്രട്ടറി സഫീനബീവി, ക്യൂബര്‍സ്റ്റ് അസോസിയേറ്റ് ആര്‍ക്കിടെക്ക് നിതിന്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.


