പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗര മധ്യത്തില്‍ കുട്ടികളുടെ പാര്‍ക്ക് വേണമെന്ന ആവശ്യത്തിന് പരിഹാരമാകുന്നു. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. പാര്‍ക്ക് നിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. പെരുമ്പാവൂര്‍ പാട്ടാലില്‍ പെരിയാര്‍ വാലി ജലസേചന പദ്ധതിയുടെ 27 സെന്റോളം വരുന്ന സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.
വര്‍ഷങ്ങളായി ഈ സ്ഥലം കാട് പിടിച്ചു നശിച്ചു കിടക്കുകയാണ്. പൊതു ജനങ്ങളുമായി സംവദിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ട കാര്യമാണ് പാര്‍ക്കിന്റെ നിര്‍മ്മാണം എന്ന്് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് പാര്‍ക്ക് നിര്‍മ്മാണത്തിന്റെ ചുമതല. നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാര്‍ വാലിക്ക് തിരികെ നല്‍കും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം. കുട്ടികള്‍ക്കുള്ള വിനോദോപകരങ്ങള്‍, ശുചിമുറികള്‍, കോഫി ഷോപ്പ്, മനോഹരമായ കവാടം, പാര്ക്കിന് ചുറ്റും നടപ്പാത, പൂന്തോട്ട നിര്‍മ്മാണം, വിളക്കുകള്‍ എന്നിവയാണ് പാര്‍ക്കില്‍ സജ്ജീകരിക്കുന്നത്. നിലവിലുള്ള ചുറ്റുമതില്‍ ബാലപ്പെടുത്തിയാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നത്.


