മൂവാറ്റുപുഴ: കഴിഞ്ഞ 10 വര്‍ഷമായി അരനൂറ്റാണ്ടു മുമ്പ് കൈവിട്ടു പോയ സ്വന്തം മാസികയുടെ ഒരു കോപ്പിയെങ്കിലും ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് 71 കാരനും മൂവാറ്റുപുഴ സ്വദേശിയുമായ മൂസ. വായനാതല്പരനായ മൂസ സ്വന്തമായി തുടങ്ങിയ മാസികയുടെ ഒരു കോപ്പി പോലും കൈവശമില്ലാത്ത ദുഃഖത്തിലാണ്. സീന എന്ന പേരില്‍ തുടങ്ങിയ മാസികയുടെ കോപ്പി ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ തക്കതായ പ്രതിഫലത്തോടെ കൈപ്പറ്റുവാന്‍ തയ്യാറാണെന്നാണ് മൂസ പറയുന്നത്.
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പിതാവിന്റെ ഉടമസ്ഥതയിലുള്ള അന്ത്രു ആന്‍ഡ് സണ്‍സ് ജ്വല്ലറിയില്‍ സഹായിയായിരുന്നു മൂസ. സ്വന്തം മാസിക തുടങ്ങുകയെന്നത് വായനാതല്പരനായ മൂസയുടെ അതിയായ ആഗ്രഹമായിരുന്നു. സീന എന്ന പേരില്‍ ജ്വല്ലറിയോട് ചേര്‍ന്നുള്ള ഓഫീസ് മുറിയില്‍ മൂസ മാസികയാരംഭിച്ചു.
വൈക്കം ചന്ദ്രശേഖരന് നായര്‍, തുളസി, മുഹമ്മദ് പുഴക്കര എന്നി എഴുത്തുകാരുടെ നേതൃത്വത്തില്‍ സാഹിത്യ മാസികയായിട്ടായിരുന്നു തുടക്കം. മുന്നോട്ടുപോക്ക് ദുഷ്കരമാണെന്നറിഞ്ഞതോടെ സിനിമാ മാസികയാക്കി ചുവടുമാറ്റം. സീനയുടെ എഡിറ്ററും മാനേജരും വിതരണക്കാരനും റിപ്പോര്‍ട്ടറുമെല്ലാം മൂസയായിരുന്നു.
1970കളില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായിരുന്ന സിനിമാ മാസികയായി സീന വളര്‍ന്നു. കോടമ്പക്കമെന്ന സിനിമാ ആസ്ഥാനത്തിന്റെ വിശേഷങ്ങളോടെ പ്രസിദ്ധീകരിച്ചു തുടങ്ങിയ മാസികയുടെ പ്രചാരം 500 ല്‍ നിന്ന് 35000 ത്തിലേക്ക് ഉയര്‍ന്നു. 1975 ല്‍ കളര്‍ ചിത്രങ്ങളും താരാഭിമുഖങ്ങളുമായി മാസിക നവീകരിക്കപ്പെട്ടു.
എന്നാല്‍ പ്രതിസന്ധികളില്‍ പെട്ട് 1980ല്‍ മൂസയ്ക്ക് പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടി വന്നു. കാലപ്പഴക്കത്തില്‍ മാസികയുടെ കോപ്പികളും ഫയലുകളും നഷ്ടമായി. ഒരു കോപ്പി പോലും കൈവശമില്ലാത്ത ദുഃഖത്തിലാണ് മൂസ. സീനയുടെ കോപ്പി ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ തക്കതായ പ്രതിഫലത്തോടെ കൈപ്പറ്റുവാന്‍ മൂസ തയ്യാറാണ്.


