മലപ്പുറം: ജില്ലയില്‍ ഹയര്‍ സെക്കണ്ടറി പഠനത്തിനു അവസരമില്ലാതെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന ജില്ലാ പഞ്ചായത്തിന്റെ വാഗ്ദാനം പാലിക്കപ്പെടുന്നു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയുടെ പദ്ധതികളാണു ജില്ലയിലെ ഗവണ്മെന്റ് മേഖലയിലെ സ്കൂളുകള്‍ക്കായി ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയത്.
അധിക ബാച്ച് അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക് ക്ലാസ്സ് മുറികള്‍ക്കാവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിനു 5കോടി രൂപയും ബഞ്ച്, ഡസ്ക്, ഫര്‍ണ്ണീച്ചര്‍ എന്നിവക്കായി ഒരു കോടി രൂപയും കിഫ് ബി മുഖേന നിര്‍മ്മിച്ച കെട്ടിടങ്ങളിലേക്ക് ആവശ്യമായ ഫര്‍ണ്ണീച്ചറുകള്‍ക്ക് ഒരു കോടി രൂപയും വൈറ്റ്ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു 75 ലക്ഷം രൂപയും പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപക ഓഫീസ്, സ്റ്റാഫ് റൂം നവീകരണത്തിനായി 2 കോടി രൂപയും സ്കൂളുകളില്‍ മോഡുലാര്‍ ടോയ്ലറ്റുകള് സ്ഥാപിക്കുന്നതിനു ഒരു കോടിരൂപയും വകയിരുത്തി 12 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്കാണു ജില്ലാ പ്ലാനിംഗ് കമ്മറ്റിയുടെ അംഗീകാരം നേടിയത്.
മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് പേരശന്നൂര്‍, ജി.എച്ച്.എസ്.എസ് മൂത്തേടം, ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ജി.എച്ച്.എസ്.എസ് വെളിയംകോട്, ജി.എച്ച്.എസ്.എസ്. കുഴിമണ്ണ, ജി.എച്ച്.എസ്.എസ്. കോട്ടപ്പുറം, ജി.എച്ച്.എസ്.എസ്. എടപ്പാള്‍, ജി.എച്ച്ക്.എസ്.എസ്. വാഴക്കാട്, പി.സി.എന്‍.ജി.എച്ച്.എസ്.എസ്. മൂക്കുതല, ജി.എച്ച്.എസ്.എസ്. കോക്കൂര്‍, ജി.എച്ച്.എസ്.എസ്. കാരക്കുന്ന്, ജി.എച്ച്.എസ്.എസ്. പുറത്തൂര്‍, ജി.എച്ച്.എസ്.എസ് തിരുവാലി, ജി.എച്ച്.എസ്.എസ്. മാട്ടുമ്മല്‍, ജി.എച്ച്.എസ്.എസ്. മങ്കട, ജി.എച്ച്.എസ്.എസ് പുതുപ്പറമ്പ്, ജി.എച്ച്.എസ്.എസ് വേങ്ങര, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍, ജി.എച്ച്.എസ്.എസ് ഇരിമ്പിളിയം, ദേവധാര്‍ ജി.എച്ച്.എസ്.എസ് താനൂര്‍, ജി.എച്ച്.എസ്.എസ് നിറമരുതൂര്‍, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങല്‍, ജി.എച്ച്.എസ്.എസ് പുലാമന്തോള്‍, ജി.എച്ച്.എസ്.എസ് കാലികറ്റ് യൂണിവേഴ്സിറ്റി എന്നീ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലാണു പുതിയ ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നത്.
പുതിയ അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ക്ലാസ്സുകളാരംഭിക്കുന്നതിനു മുന്നോടിയായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍ വിഭാഗത്തിനും സ്കൂള്‍ പി.ടി.എ. കമ്മറ്റികള്‍ക്കും ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം നിര്‍ദേശം നല്കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ സറീന ഹസീബ്, നസീബ അസീസ് മയ്യേരി, ജമീല ആലിപ്പറ്റ, എന്‍.എ. കരീം, സെക്രട്ടറി നാലകത്ത് റഷീദ് എന്നിവര്‍ പ്രസംഗിച്ചു.


