കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ കളക്ടര്‍ ജാഫര്‍ മാലിക് നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്ക് ട്രോഫികള്‍ കൈമാറി.
22 പഞ്ചായത്തുകളും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും അവാര്‍ഡ് ഏറ്റുവാങ്ങി. സ്വരാജ് ട്രോഫി പുരസ്കാരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ മുളന്തുരുത്തി പഞ്ചായത്ത്, ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കുന്നുകര പഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ പാലക്കുഴ പഞ്ചായത്ത് എന്നിവയേയും യോഗത്തില്‍ ആദരിച്ചു. സ്വരാജ് ട്രോഫി പുരസ്കാരം നേടിയവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷനും ആദരം നല്കി.
എറണാകുളം ജില്ലാ ആസൂത്രണ സമിതി യോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യഘട്ട പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ച, ജല ജീവന് പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കേണ്ട വിഹിതം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനിതാ ഏലിയാസ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


