മൂവാറ്റുപുഴ: റോഡ് കയ്യേറ്റം ഒഴുപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതര്‍ക്ക് പൊലീസ് സഹായം നല്‍കിയില്ലെന്ന് പരാതി. പായിപ്ര പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ എംസി റോഡില്‍ നിന്നും തേനാലി കുടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്വകാര്യ വ്യക്തി കൈയേറി അനധികൃതമായി നിര്‍മിച്ച മതില് പൊളിക്കാനാണ് പഞ്ചായത്ത് അധികാരികള്‍ എത്തിയത്. എന്നാല്‍ രേഖാമൂലം ആവശ്യപെട്ടിട്ടും പൊലീസ് സഹായം നല്‍കിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ പരാതി.
പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഇവിടെ 3.60 അടിയായിരുന്നു റോഡിന് വീതി. കഴിഞ്ഞ ഡിസംബറില്‍ സമീപത്തെ സ്ഥലം ഉടമ റോഡ് കൈയേറി ഇവിടെ മതില് കെട്ടി. ഇതോടെ റോഡിന്റെ വീതി 3.10 അടിയായി ചുരുങ്ങി. ഇതോടെ ഇതുവഴി വാഹനങ്ങള്‍ കടക്കുന്നത് ബുദ്ധിമുട്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. പഞ്ചായത്ത് നടത്തിയ പരിശോധനയില്‍ കയ്യേറ്റം ബോധ്യപെടുകയും ഉടമയോട് മതില് പൊളിച്ചു മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഉടമ മതില് പൊളിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി മതില് പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ പഞ്ചായത്ത് സെക്രട്ടറി 17ന് മതില് പൊളിക്കലിന് സഹായം ആവശ്യപ്പെട്ട് മൂവാറ്റുപുഴ സി.ഐക്ക് രേഖാമൂലം കത്ത് നല്കി. ഇതുപ്രകാരം പഞ്ചായത്ത് അധിക്യതര്‍ മതില് പൊളിക്കാന്‍ എത്തിയപ്പോള്‍ ഉടമ തടഞ്ഞു. ആദ്യം എസ്.ഐ ഉം പിന്നാലെ എത്തിയ സിഐയും പഞ്ചായത്ത് തീരുമാനം നടപ്പിലാക്കാന്‍ സഹായിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി മടങ്ങി.
ഇത് സംമ്പഡിച്ച് ഉന്നത പൊലിസ് മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. പഞ്ചായത്ത് വക സ്ഥലങ്ങള്‍ കയ്യേറുന്നവര്‍ക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നടപടി എടുക്കുമ്പോള്‍ കയ്യേറ്റക്കാര്‍ക്കൊപ്പം നില്ക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും മാത്യൂസ് ആവശ്യപ്പെട്ടു.